ഹ്വാവേ ഫോണുകള്‍ വിപണി കീഴടക്കുന്നു

News portal

news



ചുരുങ്ങിയ കാലയളവിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റായ ചൈനയില്‍ മറ്റെല്ലാ മൊബൈല്‍ ഫോണുകളെയും ഹ്വാവേ പിന്നിലാക്കിക്കഴിഞ്ഞു


കുറഞ്ഞ വിലക്ക് കൊള്ളാവുന്ന ഫോണ്‍ എന്നതാണ്, ഇപ്പോഴും പലര്‍ക്കും ശരിയായി പേരു ഉച്ചരിക്കാന്‍ അറിയാത്ത ഹ്വാവേ (Huawei) ഫോണുകളെക്കുറിച്ച പൊതുധാരണ.

ഈയിടെ പുറത്തിറങ്ങിയ Mate 10 സീരീസിലൂടെ ഈ ധാരണ തകര്‍ത്തുകൊണ്ട്, ഐഫോണിനും സാംസങ്ങിനും പുറകെ ഒരു പുതിയ ബ്രാന്‍ഡ് ഇമേജ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഈ ചൈനീസ് കമ്പനി.

സാങ്കേതികവിദ്യയില്‍ വന്‍കുതിച്ചുകയറ്റം നടത്തിയിട്ടും ലക്‌സസ്, ടൊയോട്ട, സാംസ്ങ്ങ് പോലെ അംഗീകരിക്കപ്പെടുന്ന ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ചൈന എന്ന വ്യവസായ ഭീമന്റെ ഒരു പരിമിതിയാണ്. ഗുണംകുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന രാജ്യം എന്ന ഒരു ഇമേജ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിനെ തകര്‍ക്കുന്ന രീതിയിലാണ് ഹ്വാവേ ഫോണുകളുടെ മുന്നേറ്റം എന്ന് അമേരിക്കയിലെ ഒന്നാം കിട പത്രങ്ങിലൊന്നായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചുരുങ്ങിയ കാലയളവിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റായ ചൈനയില്‍ മറ്റെല്ലാ മൊബൈല്‍ ഫോണുകളെയും ഹ്വാവേ പിന്നിലാക്കിക്കഴിഞ്ഞു. ടെലിഫോണ്‍ ഉല്‍പാദനത്തില്‍ ലോകാടിസ്ഥാനത്തില്‍ ഐഫോൺ ഉദ്പാദകരായ ആപ്പിളിന്റെ തൊട്ടുപിറകെയാണ് ഹ്വാവേ എന്ന് പത്രം പറയുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ 30 മില്യന്‍ ഫോണുകളാണ് ഹ്വാവേ കയറ്റിയയച്ചത്; ആപ്പിൾ 47 മില്യണ്‍. പക്ഷേ ഉല്‍പന്നങ്ങളില്‍ അധികവും വിലകുറഞ്ഞതോ ഇടത്തരം വിഭാഗത്തില്‍ പെട്ടതോ ആയിരുന്നു.

ആളുകളെ ഫോട്ടോയിലൂടെ തിരിച്ചറിയുകയും ടെക്‌സ്റ്റുകള്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്യുന്ന കൃത്രിമ ബുദ്ധി (Artificial intelligence) ഉപയോഗിക്കുന്ന Mate 10 സീരീസ് ഈ പതിവ് തെറ്റിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. 600 ഡോളറിന് ഒരു ചൈനീസ് ഫോണ്‍ വാങ്ങാന്‍ ആളുകളെ നിര്‍ബന്ധിക്കുന്ന രീതിയിലേക്ക് ടെക്‌നോളജിയും മാര്‍ക്കറ്റിങ്ങും വികസിപ്പിക്കാനാണ് കമ്പനിയുടെ തീവ്രശ്രമം.

മൂന്ന് ദശകങ്ങള്‍ക്ക് മുമ്പ് ഷെന്‍സനില്‍ സ്ഥാപിക്കപ്പെട്ട ഹ്വാവേ കമ്പനി 2009 ലാണ് ആദ്യത്തെ ആന്‍ഡ്രോയിഡ് ഫോണ്‍ പുറത്തിറക്കിയത്. പല ഹ്വാവേ ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കുള്ള അമേരിക്കന്‍ മാര്‍ക്കറ്റിനെ പോലും കീഴടക്കിക്കൊണ്ട് കമ്പനി സ്മാർട്ട് ഫോൺ രംഗത്തെ പുതിയ തരംഗമായി മാറുകയാണ്.


0 Comments

Sort by