തീൻമേശയിൽ കളവ്: ലണ്ടനില്‍ മമതയെ അനുഗമിച്ച ഇന്ത്യൻ പത്രക്കാർ നാണം കെട്ടു

News portal

news



തീൻ മേശയിൽ അലങ്കരിച്ചു വെച്ച കരണ്ടികളും ഫോർക്കുകളും ബാഗിലും പേഴ്സിലും ഒളിപ്പിച്ചു വെച്ചു .


അങ്ങ് കടലിനക്കരെ യൂറോപിൽ ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിൽ ആണ് സംഭവം. അവിടെ ഒരു ആഡംബര ഹോട്ടലിൽ ഇന്ത്യയിൽ നിന്നുള്ള വി വി ഐ പിക്ക് വിരുന്നു ഒരുക്കിയിരിക്കുന്നു. ബംഗാൾ മുഖ്യമന്ത്രി മമതയാണ് ആ അതിശ്രേഷ്ട വ്യക്തി. ചുറ്റും ഇന്ത്യയിൽ നിന്നു കൂടെ കൂട്ടിയവർ ഉൾപ്പെടെ പത്രക്കാരും സ്ഥലത്തെ രാഷ്ട്രീയ പ്രമുഖരും മറ്റും. അച്ചടക്കമുള്ള രംഗം.

ഇതൊന്നും കണക്കിൽ എടുക്കാതെ ചില പത്രക്കാർ പരിസരം മറന്നു പ്രവർത്തിച്ചു. തീൻ മേശയിൽ അലങ്കരിച്ചു വെച്ച പാത്രങ്ങളും കരണ്ടികളും ഫോർക്കുകളും അവരെ വല്ലാതെ കൊതിപ്പിച്ചു. വെള്ളി ഉരുപ്പടികൾ അല്ലേ പലതും. എങ്ങിനെ അടങ്ങിയിരിക്കും. കത്തിയും മുള്ളും ഒക്കെയായി ഓരോന്ന് ബാഗിലും പേഴ്സിലും ഒളിപ്പിച്ചു വെച്ചു . ആരും കാണുന്നില്ല എന്നാണ് അവർ കരുതിയത് എങ്കിലും കാമറ എല്ലാം പകർത്തിയിരുന്നു.

എന്ത് ചെയ്യണം എന്നറിയാതെ സുരക്ഷാ ജീവനക്കാർ ആശയക്കുഴപ്പത്തിൽ ആയി. എങ്ങിനെ പുറത്തു പറയും. വി വി ഐ പി വിരുന്നല്ലേ. നാണക്കേട് ആവില്ലേ?

ഒടുവിൽ അവർ കളവു നടത്തിയവരോട് തന്നെ നേരിട്ട് കാര്യം പറഞ്ഞു.

ഔട്ട്ലുക്ക് വാരികയുടെ റിപ്പാർട്ട് പ്രകാരം അവർ മൂന്നു പേരായിരുന്നു. രണ്ടു പേർ ബംഗാളി പത്രക്കാർ. ഇവരിൽ ഒരാൾ ഒഴികെ മറ്റുള്ളവര്‍ തൊണ്ടി മുതൽ തിരിച്ചേൽപ്പിച്ചു മുഖം രക്ഷിച്ചു. എന്നാൽ മൂന്നാമൻ അതിനു കൂട്ടാക്കിയില്ലെന്ന് മാത്രമല്ല സെക്യൂരിറ്റി ജീവനക്കാരോട് തട്ടിക്കകയറുകയും അവരെ വെല്ലു വിളിക്കുകയും ചെയ്തതത്രെ. ധൈര്യം ഉണ്ടെങ്കിൽ എന്റെ ബാഗ് പരിശോധിച്ചോ എന്നുവരെ ആയി.

വഴങ്ങുന്നില്ല എന്ന് കണ്ടപ്പോൾ ജീവനക്കാർ കാമറ ചിത്രങ്ങൾ കാട്ടിക്കൊടുത്തു. സ്വന്തം ബാഗിൽ അല്ല അപരന്റെ ബാഗിൽ ആണ് തൊണ്ടി ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. ഗത്യന്തരം ഇല്ലാതെ വന്നപ്പോൾ തെറ്റ് സമ്മതിച്ചു ; 50പൗണ്ട് പിഴ ഒടുക്കി രക്ഷപ്പെട്ടു.

ഇയാളുടെ ഒരു സ്ഥിരം ദൗർബല്യം ആണിതെന്ന് അടുത്തറിയാവുന്ന സഹജീവി പറഞ്ഞതായി ഔട്‍ലൂക് വെളിപ്പെടുത്തി. ബംഗാളിലെ കാര്യപ്പെട്ട എഴുത്തുകാരന്റെ മകൻ എന്ന പിൻബലത്തിൽ പത്രം ഓഫീസിൽ കയറിപ്പറ്റിയ നല്ല തരികിടക്കാരൻ ആണത്രേ. കഴിവും യോഗ്യതയും കമ്മിയാണെങ്കിലും ആളാവാൻ മിടുക്കുള്ളത് കൊണ്ട് എത്തേണ്ടിടത്ത് വലിഞ്ഞുകയറി എത്തിക്കൊള്ളും എന്നും പരിചയക്കാർ പറഞ്ഞുവത്രെ.


0 Comments

Sort by