ട്രംപ് ഉത്തരകൊറിയയെക്കാള്‍ വലിയ ഭീഷണി: ജര്‍മന്‍ സര്‍വെ

News portal



നോര്‍ത്ത് കൊറിയയുടെയും റഷ്യയുടെയും തുര്‍ക്കിയുടെയും ഭരണത്തലവന്‍മാരെക്കാള്‍ വലിയ ഭീഷണിയായിട്ടാണ് ജര്‍മന്‍കാര്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെ കാണുന്നതെന്ന് സര്‍വെ റിപ്പോര്‍ട്ട്.


ജര്‍മനിയിലെ കോര്‍ബര്‍ ഫൗണ്ടേഷന്‍ (Koerber Foundation) നടത്തിയ സര്‍വെ പ്രകാരം, വിദേശനയവുമായി ബന്ധപ്പെട്ട് ജര്‍മന്‍ പൗരന്മാരെ ആശങ്കപ്പെടുത്തുന്ന ഏറ്റവും വലിയ വിഷയം അഭയാര്‍ത്ഥി പ്രവാഹവും, അത് കഴിഞ്ഞാല്‍ പിന്നെ അമേരിക്കയുമായുള്ള ബന്ധവുമാണ്.

26 ശതമാനം പേര്‍ അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ ആശങ്ക രേഖപ്പെടുത്തിയപ്പോള്‍ 19 ശതമാനം പേര്‍ ട്രംപുമായുള്ള നയതന്ത്ര ബന്ധത്തില്‍ ആശങ്കാകുലരാണ്. 17 ശതമാനം പേര്‍ തുര്‍ക്കിയുമായും 10 ശതമാനം പേര്‍ ദക്ഷിണ കൊറിയയുമായും എട്ട് ശതമാനം പേര്‍ റഷ്യയുമായുമുള്ള ബന്ധത്തെ ജര്‍മനിയുടെ നയതന്ത്രവെല്ലുവിളിയായി കാണുന്നു. ദക്ഷിണ കൊറിയയുടെ കരുത്തനായ പ്രസിഡണ്ട് കിംജോങ്ങ് ഉണ്‍ നേക്കാള്‍ വലിയ ഭീഷണിയായി ജര്‍മന്‍കാര്‍ കരുതുന്നത് ട്രംപിനെയാണെന്നര്‍ത്ഥം.

കഴിഞ്ഞ ജനുവരിയില്‍ അധികാരം ഏറ്റെടുത്തതുമുതല്‍ ജര്‍മനിയുമായി പലവിഷയത്തിലും ഉടക്കിലാണ് ട്രംപ്. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയതും ഇറാന്റെ ന്യൂക്ലിയര്‍ പദ്ധതിയുമായി ബന്ധപ്പെട്ട അന്തര്‍ദേശീയ ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചതും മാത്രമല്ല ജര്‍മനിയുമായി അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങള്‍.

ജര്‍മനിയുടെ വ്യാപാരമിച്ചത്തെ (Trade surplus) ക്കുറിച്ചും നാറ്റോ മിലിറ്ററി സഖ്യത്തിലുള്ള ജര്‍മനിയുടെ സംഭാവനകളെക്കുറിച്ചും തുറന്ന വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട് യൂറോപ്പിലെ വന്‍കിട ശക്തിയായി ഉയരുന്ന ജര്‍മനിക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് അമേരിക്കയുടെ പുതിയ പ്രസിഡണ്ട്.

കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ സര്‍വെയില്‍ പങ്കെടുത്ത 56 ശതമാനം പേരും അമേരിക്കയുമായുള്ള ജര്‍മനിയുടെ ബന്ധത്തെ 'മോശം' (bad) എന്നോ 'വളരെ മോശം' (very bad) എന്നോ ആണ് വിശേഷിപ്പിച്ചത്. റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

പൊതുവെ അവധാനതയോടെ മാത്രം പ്രതികരിക്കുന്ന ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെല്ലാ മേര്‍കല്‍ ട്രംപിന്റെ നിലപാടുകളോട് രൂക്ഷമായാണ് പ്രതികരിച്ചത്. ഭാവിയില്‍ ജര്‍മനിക്ക് അമേരിക്കയെ ആശ്രയിക്കാന്‍ പറ്റണം എന്നില്ലെന്നും യൂറോപ്പ് അതിന്റെ ഭാഗധേയം സ്വയം ഏറ്റെടുക്കണം എന്നുമാണ് മെര്‍ക്കല്‍ പറഞ്ഞത്.

ഇതൊക്കെയാണെങ്കിലും അന്തര്‍ദേശീയ രാഷ്ട്രീയത്തില്‍ ജര്‍മനി സജീവമായി ഇടപെടുന്നതിനോട് ഭൂരിഭാഗം ജര്‍മന്‍കാര്‍ക്കും യോജിപ്പില്ല എന്നാണ് സര്‍വെ കാണിക്കുന്നത്. 52 ശതമാനം പേരും അഭിപ്രായപ്പെട്ടത് രണ്ടാം ലോകയുദ്ധം മുതല്‍ ജര്‍മനി സ്വീകരിച്ചുവരുന്ന സംയമനത്തിന്റെ നയം തുടരണം എന്നാണ്.


0 Comments

Sort by