വിമാനങ്ങളുടെ കുലുക്കം കൂടുന്നത് കാലാവസ്ഥാ വ്യതിയാനംകൊണ്ട്

News portal

news



അസ്ഥിരമായ വായു പ്രവാഹം വിമാനത്തിന്റെ ചലനത്തെ ബാധിക്കുകയും ശക്തിയായ കുലുക്കത്തിന് കാരണമാവുകയും ചെയ്യുന്നു.


കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നത് കാരണം യാത്രക്കിടെയുള്ള വിമാനങ്ങളുടെ കുലുക്കം (turbulance ) ലോകമൊട്ടുക്കും കൂടിവരികയാണെന്ന് റിപ്പോര്‍ട്ട്.

പൈലറ്റിന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയാത്ത വിധം ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് ഇത്തരം കുലുക്കങ്ങള്‍ സംഭവിക്കുന്നതെന്ന് വിദഗ്ദ്ധരെ ഉദ്ധരിച്ചുകൊണ്ട് ബ്രട്ടീഷ് പത്രമായ ഗാര്‍ഡിയന്‍ എഴുതുന്നു.

ധാരണ യാത്രാവിമാനങ്ങള്‍ സഞ്ചരിക്കുന്ന 10 മുതല്‍ 12 വരെ കിലോമീറ്റര്‍ ഉയരത്തിലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാന്‍ കൂടുതല്‍ സാധ്യത. അന്തരീക്ഷത്തിൽ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ കൂടിയ അളവ് കാരണം പലതട്ടുകളിലായി കാറ്റിന്റെ ശക്തിയായ പ്രവാഹം സംഭവിക്കുന്നു. അസ്ഥിരമായ ഈ വായു പ്രവാഹം വിമാനത്തിന്റെ ചലനത്തെ ബാധിക്കുകയും ശക്തിയായ കുലുക്കത്തിന് കാരണമാവുകയും ചെയ്യുന്നു; റീഡിംഗ് യൂവേഴ്‌സിറ്റിയിലെ റിസര്‍ച്ച് ഫെലോ ഡോ. പോള്‍ വില്യംസിനെ ഉദ്ധരിച്ചുകൊണ്ട് ഗാര്‍ഡിയന്‍ പറയുന്നു.

Clear-Air turbulance എന്ന് വിളിക്കപ്പെടുന്ന, മുന്നറിയിപ്പില്ലാതെ സംഭവിക്കുന്ന ഇത്തരം കുലുക്കങ്ങള്‍, കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി ഭാവിയില്‍ വര്‍ദ്ധിക്കുമെന്ന് വില്യംസ് പ്രവചിക്കുന്നു. ഇപ്പോള്‍തന്നെ ഒരു വര്‍ഷത്തില്‍ ആയിരത്തിലേറെ ഇത്തരം കുലുക്കങ്ങള്‍ സംഭവിക്കുന്നുണ്ടത്രെ.

കഴിഞ്ഞ കുറച്ച് ദശകങ്ങളിലായി അതിശക്തമായ കുലുക്കങ്ങളുടെ എണ്ണം കൂടി വരികയാണെന്ന് വില്യംസ് പറയുന്നു. ചെറിയ വിമാനങ്ങളില്‍ ഡസന്‍ കണക്കിന് മരണങ്ങള്‍ക്കും വലിയ വിമാനങ്ങളില്‍ നൂറ് കണക്കിന് പരിക്കുകകള്‍ക്കും ഇത് കാരണമാവുന്നു.

അമേരിക്കയില്‍ മാത്രം ടര്‍ബുലന്‍സ് കൊണ്ടുണ്ടാവുന്ന നാശങ്ങളും വിമാനങ്ങളുടെ വൈകലും കൊല്ലത്തില്‍ 500 മില്യനിൽ അധികം ഡോളറിന്റെ നഷ്ടം വരുത്തുന്നുവെന്നാണ് കണക്ക്.

ഇത്തരം സംഭവങ്ങള്‍ കൂടിവരികയും ചെയ്യുന്നു. 1982 നും 2003 നും ഇടയില്‍ ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാക്കിയ കുലുക്കങ്ങളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചുവെന്ന് അമേരിക്കയിലെ ഫെഡറല്‍ ആവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എപ്പോഴും സീറ്റ് ബെല്‍ട് ധരിക്കുക എന്നതാണ് കുലുക്കങ്ങളില്‍ അപകടങ്ങള്‍ കുറയ്ക്കാനുള്ള ഫലപ്രദമായ മാര്‍ഗമായി വില്യംസ് നിര്‍ദ്ദേശിക്കുന്നത്. ഇത്തരം ടര്‍ബുലന്‍സ് മുന്‍കൂട്ടി പ്രവര്‍ചിക്കാനുള്ള പുതിയ ടെക്‌നോളജിയും ശാസ്ത്രീയ വിജ്ഞാനവും വികസിപ്പിക്കുക എന്നതും നിര്‍ദ്ദേശങ്ങളില്‍ പെടുന്നു.


0 Comments

Sort by