ഡ്രൈവറില്ലാത്ത ട്രക്കുകൾ റോഡിലിറങ്ങാൻ ഇനി വർഷങ്ങൾ മാത്രം

News portal

news

ഡ്രൈവറില്ലാത്ത കാറുകളെക്കാള്‍ ട്രക്കുകള്‍ പെട്ടെന്ന് വികസിപ്പിക്കാനാണ് കമ്പനികള്‍ക്ക് താല്‍പര്യം.



ലോകത്തിലെ വിവിധ കമ്പനികള്‍ അതിവേഗതയില്‍ മത്സര ബുദ്ധിയോടെ നടത്തുന്ന ഗവേഷണം സഫലമാകുമ്പോള്‍ അടുത്ത അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ ഡ്രൈവറില്ലാത്ത ട്രക്കുകള്‍ റോഡിലിറങ്ങും.


പതിനെട്ട് ടയറുള്ള 11 ടണ്‍ ഭാരമുള്ള ടൈല്‍സ് വഹിക്കുന്ന ഒരു ട്രക്ക് അമേരിക്കയിലെ ഫ്‌ളോറിഡയിലെ ഒരു നിരത്തിലൂടെ ഓടുന്നു. പക്ഷെ ഒരു പുതുമയുണ്ട്. അമ്പത്തൊമ്പത്കാരനായ ഡ്രൈവര്‍ ജെഫ് റൂനിയന്‍സിന്റെ കൈകള്‍ സ്റ്റിയറിംഗ് വീലിലല്ല. അദ്ദേഹം വെറുതെയിരിക്കുന്നു. കംപ്യൂട്ടറാണ് ട്രക്കിനെ നിയന്ത്രിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഡ്രൈവറില്ലാത്ത ടെക്‌നോളജി വികസിപ്പിച്ച് കൊണ്ടിരിക്കുന്ന സാന്‍ഫ്രാന്‍സിസ് കോയിലെ സ്റ്റാര്‍സ്‌കി റോബോട്ടിക്‌സ് എന്ന കമ്പനിയിലെ എഞ്ചിനിയറാണ് ജെഫ്. അയാളുടെ തൊട്ടടുത്തിരിക്കുന്നത് ഐറീഷ് എഞ്ചിനിയറായ റെബക്ക ബേരി. മണിക്കൂറുകളോളം ട്രക്ക് ഹൈവേയിലൂടെ പാഞ്ഞപ്പോള്‍ തന്റെ മടിയിലുള്ള ലാപ് ടോപ്പില്‍ റെബക്ക കാര്യങ്ങള്‍ നിരീക്ഷിക്കുന്നു. മുന്നിലുള്ള റോഡില്‍ നടക്കുന്ന കാര്യങ്ങളോടും മുന്നില്‍ നിന്നും പിന്നില്‍ നിന്നും വരുന്ന വാഹനങ്ങളോടും ട്രക്കില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സറുകള്‍ (Sensors) എങ്ങിന്നെ പ്രതികരിക്കുന്നു എന്നൊക്കെ.

ഒരിക്കല്‍ റോഡിന് മുകളിലുള്ള ഒരു പാലം ട്രക്കിനു മേല്‍ നിഴല്‍ വീഴ്ത്തിയപ്പോള്‍ കമ്പ്യൂട്ടറിന്റെ കണ്ണുകള്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടു. മറ്റൊരിക്കല്‍ ട്രക്ക് ഒരു ഭാഗത്തേക്ക് തിരിഞ്ഞപ്പോള്‍ ടയറുകള്‍ പൂര്‍ണ്ണമായും തിരിഞ്ഞില്ല. അപ്പോള്‍ ജെഫ് ഇടപെട്ട് സ്റ്റിയറിങ് വീല്‍ തിരിച്ചു. റെബക്ക ഇതെല്ലാം ലാപ് ടോപ്പില്‍ രേഖപ്പെടുത്തുന്നുണ്ടായിരുന്നു. പിന്നീട് ടയറുകള്‍ കൂടുതല്‍ ശക്തിയില്‍ തിരിക്കാന്‍ ആവശ്യപ്പെട്ട് കമ്പ്യൂട്ടര്‍ കോഡില്‍ മാറ്റം വരുത്തിയപ്പോള്‍ അടുത്ത ഒരു വളവില്‍ ട്രക്ക് സുന്ദരമായി തിരിഞ്ഞു.

ലോകത്തിലെ വിവിധ കമ്പനികള്‍ അതിവേഗതയില്‍ മത്സര ബുദ്ധിയോടെ നടത്തുന്ന ഗവേഷണം സഫലമാകുമ്പോള്‍ അടുത്ത അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ ഡ്രൈവറില്ലാത്ത ട്രക്കുകള്‍ റോഡിലിറങ്ങും. ഇത് പ്രയോഗത്തില്‍ വരുന്നതോടെ പല പാശ്ചാത്യന്‍ രാജ്യങ്ങളിലും ലക്ഷക്കണക്കിന് ഡ്രൈവര്‍മാരുടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയാണ് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചെയ്യുന്ന ജോലികളിലൊന്നാണ് ട്രക്ക് ഡ്രൈവിംഗ്.

ഡ്രൈവറില്ലാത്ത കാറുകളെക്കാള്‍ ട്രക്കുകള്‍ പെട്ടെന്ന് വികസിപ്പിക്കാനാണ് കമ്പനികള്‍ക്ക് താല്‍പര്യം. കാരണം ലോകത്താകമാനം ആയിരക്കണക്കിന് ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വ്യവസായമാണിത്. പട്ടണങ്ങളിലും മറ്റും തിരക്ക് പിടിച്ച വീഥികളിലൂടെ സഞ്ചരിക്കുന്ന കാറുകളേക്കാള്‍ വിജനമായ ഹൈവേകളിലൂടെ നൂറുക്കണക്കിന് മൈലുകള്‍ സഞ്ചരിക്കുന്ന ട്രക്കുകളില്‍ ഈ ടെക്‌നോളജി വികസിപ്പിച്ചെടുക്കാന്‍ കൂടുതല്‍ എളുപ്പമാണ് എന്നതും ഇതില്‍ താത്പര്യം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.

അപകടങ്ങളും ചിലവും കുറക്കാന്‍ സഹായിക്കുന്നു എന്നതാണ് ഡ്രൈവറില്ലാതെ വണ്ടി ഓടിക്കുന്ന ടെക്‌നോളജി വികസിപ്പിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. അമേരിക്കയില്‍ മാത്രം വലിയ ട്രക്കുകള്‍ ഒരു വര്‍ഷം ശരാശരി മൂന്നര ലക്ഷം അപകടങ്ങള്‍ ഉണ്ടാക്കുന്നു. ഇവയില്‍ ഭൂരിഭാഗവും ഡ്രൈവര്‍മാരുടെ തെറ്റ് കൊണ്ടാണ് സംഭവിക്കുന്നത് എന്നത് പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. ജീവഹാനിയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ മൂലമുണ്ടാകുന്ന ബില്യണ്‍ കണക്കിന് ഡോളറിന്റെ നഷ്ടവും പുതിയ സാങ്കേതിക വിദ്യയിലൂടെ ഒഴിവാക്കാന്‍ സാധിക്കും.

'ഡ്രൈവറില്ലാതെ ഓടുന്ന ടാക്‌സികള്‍ക്ക് മുമ്പ് തന്നെ ഡ്രൈവറില്ലാത്ത ട്രക്കുകള്‍ നിരത്തിലിറക്കും, ' ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ് കാര്‍ കമ്പനിയായ വെയ്‌മോയുടെ(waymo) തലവനെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓട്ടോ (Otto), വോള്‍വോ (Volvo), ഡൈംലര്‍ ( Daimler) പീറ്റര്‍ ബില്‍റ്റ് (peter bilt ) എന്നിവയാണ് ഈ ടെക്‌നോളജി വികസിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രധാന കമ്പനികള്‍. ഇവയില്‍ ഊബറിന്റെ ഉടമസ്ഥതയിലുള്ള 'ഓട്ടോ' യാണ് ഏറ്റവും പ്രധാനം. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ സ്ഥിതി ചെയ്യുന്ന കമ്പനി വികസിപ്പിച്ചെടുത്ത ഒരു സോഫ്റ്റ് വെയര്‍ കിറ്റ് ഉപയോഗിച്ച് വാഹനങ്ങള്‍ സ്വയം ഓടുന്നു.

ആവശ്യാനുസരണം വേഗത വര്‍ദ്ധിപ്പിക്കുകയും, കുറക്കുകയും ട്രാഫിക്കിനനുസരിച്ച് വേണ്ടി വന്നാല്‍ പൂര്‍ണ്ണമായും നിര്‍ത്തുകയും ചെയ്യുന്നു. ഈ കിറ്റിന് ഇപ്പോള്‍ 30000 ഡോളറാണ് വിലയെങ്കിലും എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളേയും പോലെ ഭാവിയില്‍ വില ഗണ്യമായി കുറയാനാണ് സാധ്യത.

ആല്‍ഫബെറ്റ് (alphabet), ആമസോണ്‍, ആപ്പിള്‍, ടെസ്ല, ഫോര്‍ഡ്, ടയോട്ട തുടങ്ങിയ കമ്പനികളും ബില്യണ്‍ കണക്കിന് ഡോളറാണ് ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങൾ നിരത്തിലിറക്കാന്‍ ചിലവഴിക്കുന്നത്.


0 Comments

Sort by