ഗ്വാണ്ടനാമോയില്‍ വിരിയുന്ന വര്‍ണ ചിത്രങ്ങള്‍

News portal

news



മുആദ് അല്‍ അലവിയുടെ മുഷിഞ്ഞ നിസ്‌കാരപ്പടം നിറയെ വര്‍ണങ്ങള്‍ തൂവിയിരിക്കുന്നു. എന്നും അയാള്‍ പ്രഭാതത്തിന് മുമ്പ് ഉണരും. തടവറയില്‍ കിട്ടാവുന്ന പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് ഭാവനയിലുള്ള ഒരു കപ്പലിന്റെ മാതൃക പണിതൊരുക്കുകയാണ് അയാള്‍.


മുആദ് അല്‍ അലവിയുടെ മുഷിഞ്ഞ നിസ്‌കാരപ്പടം നിറയെ വര്‍ണങ്ങള്‍ തൂവിയിരിക്കുന്നു. എന്നും അയാള്‍ പ്രഭാതത്തിന് മുമ്പ് ഉണരും. തടവറയില്‍ കിട്ടാവുന്ന പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് ഭാവനയിലുള്ള ഒരു കപ്പലിന്റെ മാതൃക പണിതൊരുക്കുകയാണ് അയാള്‍.

ക്യൂബയിലെ കുപ്രസിദ്ധമായ അമേരിക്കന്‍ തടവറ ഗ്വാണ്ടനാമോ ബേയിലെ 41 വിചാരണതടവുകാരില്‍ ഒരാളാണ് അറബ് വംശജനായ അല്‍ അലവി.

ഇപ്പോഴും കുറ്റവാളിയെന്ന് തെളിയിക്കപ്പെടാതെ ഇരുട്ടറയില്‍ അനന്തമായ തടവിന് വിധിക്കപ്പെട്ട അൽ അലവിയെപ്പോലെയുള്ള ഇരകള്‍ പെയിന്റിംഗിലൂടെയും ശില്‍പങ്ങളിലൂടെയാണ് അവരുടെ ദുഃഖങ്ങള്‍ക്ക് ആവിഷ്‌കാരം നല്‍കുന്നത്. പഴയ ടീഷര്‍ട്ടുകളും ഷാംബൂ കുപ്പികളും ഉപയോഗിച്ച് അയാള്‍ ഭാവനക്ക് രൂപം പകരുകയാണ്. ഒരു ചെറിയ കത്രിക മാത്രമാണ് തടവറയില്‍ ലഭ്യമായ ഒരേയൊരു പണിയായുധം.

അല്‍ അലവിയുടെ മൂന്ന് കപ്പലുകള്‍ തടവുകാരുടെ 32 പെയിന്റിംഗുകളോടൊപ്പം ന്യൂയോര്‍ക്കിലെ ജോണ്‍ ജെ കോളെജ് ഓഫ് ക്രിമിനല്‍ സ്റ്റഡീസില്‍ ഈയിടെ പ്രദര്‍ശനത്തിന് വെക്കുകയുണ്ടായി.

തടവുകാരുടെ വക്കീലന്‍മാര്‍ ഉള്‍പ്പെടുന്ന ഒരു ചാരിറ്റിയാണ് പ്രദര്‍ശനത്തിന് മുന്‍കയെടുത്തത്. പക്ഷേ, പുറം ലോകത്തേക്കുള്ള തടവുകാരുടെ ഈ ഒരേയൊരു കവാടം പുതിയ ഉത്തരവിലൂടെ അമേരിക്കന്‍ ഭരണകൂടം കൊട്ടിയടച്ചിരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തടവുകാര്‍ മോചിതരാവുന്നതോടെ അവരുടെ സൃഷ്ടികള്‍ നശിപ്പിച്ചു കളയുമെന്നും അവയുടെ ഉടമാവകാശം ഗവണ്‍മെന്റിനായിരിക്കുമെന്നും അറിയിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ് മനുഷ്യാവകാശ പ്രവര്‍ത്തരുടെ ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുന്നു.

തടവറയുടെ ഇരുട്ടില്‍ അവര്‍ക്ക് നഷ്ടപ്പെട്ട ഓര്‍മകളും കിനാവുകളുമാണ് തടവുകാര്‍ ചിത്രങ്ങളിലൂടെ ആവിഷ്‌ക്കരിക്കുന്നത്- അസ്തമയം, താഴ്‌വരകള്‍, സ്വന്തം വീടുകള്‍ നഗരചിത്രങ്ങള്‍. പല ചിത്രങ്ങളിലും സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി നിറഞ്ഞു നില്‍ക്കുന്നത് കടല്‍. കടല്‍ തീരം തിരമാലകള്‍, ബോട്ടുകള്‍ - സൂക്ഷ്മമായ വര്‍ണങ്ങളിലൂടെയും രൂപങ്ങളിലൂടെയും ഇതെല്ലാം അവര്‍ ആവിഷ്‌ക്കരിക്കുന്നു. കരീബിയന്‍ സമുദ്രത്തിന് അരികെ സ്ഥിതി ചെയ്യുന്ന ഈ തടങ്കല്‍ പാളയത്തില്‍ വര്‍ഷങ്ങളായി കടലിനെ അവള്‍ കേള്‍ക്കുന്നു, മണക്കുന്നു.

പക്ഷെ, ഒരിക്കല്‍ ഒരു കൊടുങ്കാറ്റ് വന്നപ്പോള്‍ മാത്രമാണ് തടങ്കല്‍ പാളയത്തിന് ചുറ്റുമുള്ള വേലിക്കെട്ടിനെ പൊതിയുന്ന മൂടുപടം എടുത്ത് മാറ്റി കടലിനെ ഒരു നോക്കു കാണാന്‍ ജയിലധികൃതര്‍ അവരെ അനുവദിച്ചതെന്ന് ന്യുയോര്‍ക്ക് ടൈംസ് എഴുതുന്നു.

അമ്മാര്‍ അല്‍ ബലൂശിയുടെ വെര്‍ട്ടിഗോ എന്ന പെയിന്റിംഗ് കുറെ വരകളുടെയും കുത്തുകളുടെയും സമന്വയമാണ്. തടവറയിലെ ഭീകരമായ ചോദ്യം ചെയ്യലിനിടയില്‍ താന്‍ അനുഭവിച്ച കഠിനമായ തലതിരിച്ചിലിനെയാണ് ഈ പെയിന്റിംഗിലൂടെ ആവിഷ്‌ക്കരിച്ചതെന്ന് ബലൂഛി പറയുന്നു.

തടവറയിലെ പീഢനമുറകളെ ആവിഷ്‌ക്കരിക്കുന്ന അഹ്മദ് റബ്ബാനിയുടെ മറ്റൊരു പെയിന്റിംഗ് വെളിച്ചം കാണാന്‍ അധികൃതര്‍ അനുവദിച്ചില്ലെന്ന് അയാളുടെ വക്കീലിനെ ഉദ്ധരിച്ചുകൊണ്ട് ഇന്റിപെന്റന്റ് എന്ന പ്രശസ്ത ബ്രിട്ടീഷ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കറാച്ചിയില്‍ ടാക്‌സി ഡ്രൈവറായിരിക്കെ അല്‍ഖാഇദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചുകൊണ്ട് അമേരിക്കന്‍ അധികൃതര്‍ തടങ്കലില്‍ ആക്കിയതാണ് റബ്ബാനിയെ. മധ്യകാല നൂറ്റാണ്ടുകളിൽ നിലവിലുണ്ടായിരുന്ന തരത്തിലുള്ള പ്രാകൃതമായ പീഢനമുറകള്‍ക്കാണ് താന്‍ വിധേയനാക്കപ്പെട്ടത് എന്ന് റബ്ബാനി, സി.ഐ.എ. പീഢനങ്ങളെക്കുറിച്ച് അന്വേഷിച്ച അമേരിക്കന്‍ സെനറ്റ് കമ്മറ്റിയുടെ മുമ്പില്‍ വെളിപ്പെടുത്തുകയുണ്ടായി.

പ്രദര്‍ശനത്തിനെത്തിയ പെയിന്റിംഗുകള്‍ വരച്ച കലാകാരന്മാരില്‍ പകുതിപേരും നിരപരാധികളെന്ന് കണ്ട് ഗ്വാണ്ടാനോമോയില്‍ നിന്ന് മോചിതരാക്കപ്പെട്ടവരാണ്. അവശേഷിക്കുന്ന പലരും എന്നെങ്കിലും പുറത്തിറങ്ങുമ്പോള്‍ അമേരിക്കയുടെ ഭീകരവേട്ടയുടെ ഇരകളായി അവര്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളുടെ സര്‍ഗാത്മക ആവിഷ്‌കാരങ്ങള്‍ പോലും ബാക്കിയുണ്ടാവില്ല.


0 Comments

Sort by