റോഡിൽ അതിക്രമം : കോടതി ഡ്രൈവർക് 5,000 റിയാൽ പിഴ വിധിച്ചു

News portal

news



സ്വന്തം വാഹനത്തെ മറികടന്ന ഡ്രൈവറെ റോഡിൽ വെച്ച് ശാരീരികമായി കയ്യേറ്റം ചെയ്ത ബസ് ഡ്രൈവറായ പ്രതിയെ ഖത്തർ കോടതി ശിക്ഷിച്ചു.


പൊതുസ്ഥലത്തു വെച്ച് ഒരാളെ അകാരണമായി ശാരീരികമായി കയ്യേറ്റം ചെയ്തു എന്ന കുറ്റം ചുമത്തി പബ്ലിക് പ്രോസിക്യൂഷൻ ക്രിമിനൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അടിസ്ഥാനമാക്കിയാണ് പ്രതിക്ക് 5,000 ഖത്തർ റിയാൽ പിഴ ഒടുക്കാൻ കോടതി ഉത്തരവിട്ടതെന്ന് പ്രാദേശിക അറബി പത്രം റിപ്പോർട്ട് ചെയ്തു.

തിരക്കേറിയ റോഡിലൂടെ വാഹനം ഓടിച്ചു കൊണ്ടിരുന്ന പ്രതിയുടെ വാഹനത്തെ മറികടന്ന പരാതിക്കാരനെ പ്രതിയും കൂടെ വാഹനത്തിൽ ഉണ്ടായിരുന്നവരും ചേർന്ന് ചീത്ത വിളിക്കുകയും, വാഹനം നിർത്തി ഇക്കാര്യം ചോദ്യം ചെയ്യാൻ ചെന്ന പരാതിക്കാരനെ ബസ് ഡ്രൈവറും കൂടെയുള്ളവരും ചേർന്ന് മര്ദിക്കുകയും ചെയ്തു എന്നായിരുന്നു പരാതി.

സംഭവം നടന്ന ഉടനെ ബസ് നമ്പർ നോട്ട് ചെയ്ത പരാതിക്കാരൻ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയിൽ അനേഷണം നടത്തിയ നിയമ പാലകർ കേസ് പ്രോസിക്യൂഷന് കൈമാറുകയും , പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണ് എന്ന് കണ്ടെത്തുകയുമായിരുന്നു.

ഡ്രൈവിംഗ് ഒരു കലയാണ്‌ എന്ന ഖത്തർ ട്രാഫിക് വകുപ്പിന്റെ ഓർമപ്പെടുത്തൽ പലപ്പോഴും ഡ്രൈവർമാർ മറന്നു പോകുന്നതാണ് പൊതു നിരത്തിലെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം.

സ്പീഡ് ട്രാക്കിൽ പതുക്കെ വാഹനം ഓടിക്കുന്ന ചിലരെ ട്രാക്കിൽ നിന്നും മാറ്റാൻ ഫ്ലാഷ് ലൈറ്റ് അടിക്കൽ നിയമപരമായി തെറ്റാണെങ്കിലും ആളുകൾ ചെയ്തു വരുന്നുണ്ട്. ഇതും പലപ്പോഴും അപകടം ക്ഷണിച്ചു വരുത്താറുണ്ട്. പുറകിൽ ലൈറ്റ് അടിക്കുന്നത് കാണുന്ന മുന്നിലെ വാഹനം, അടുത്ത ട്രാക്കിൽ വാഹനം ഉണ്ടോ എന്ന് പോലും ശ്രദ്ധിക്കാതെ ധൃതിയിൽ ട്രാക് മാറ്റുന്നതാണ് വലിയ പല അപകടങ്ങളുടെയും കാരണം.


0 Comments

Sort by