ഫേസ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍മേധാവികള്‍

News portal

news



"ഞങ്ങള്‍ സൃഷ്ടിച്ച ചില ചതിക്കുഴികള്‍ സമൂഹത്തിന്റെ പ്രവര്‍ത്തന രീതിയെ തന്നെ തകര്‍ത്തിരിക്കുന്നു. "


''ഫേസ് ബുക്ക് സമൂഹത്തെ നെടുകെ പിളര്‍ത്തുന്നു," പറയുന്നത് ചില്ലറക്കാരനല്ല; ഫേസ് ബുക്കിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥനായ ചാമത് പാലിഹ പിതിയ (Chamath palihapitiya) യുടെ വാക്കുകളാണിത്.

ശ്രീലങ്കയില്‍ ജനിച്ച് കാനഡയില്‍ വളര്‍ന്ന പാലിഹപതിയ 2011 ല്‍ ഫേയ്‌സ്ബുക്കിലേ ജോലി ഉപേക്ഷിച്ചു. ഈയിടെ അമേരിക്കയില്‍ നടന്ന ഒരു പ്രഭാഷണത്തില്‍ ഫേയ്‌സ് ബുക്കിന്റെ ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ താന്‍ നടത്തിയ ശ്രമങ്ങളില്‍ കുറ്റബോധം തോന്നുന്നുവെന്ന്അ ദ്ദേഹം തുറന്നടിച്ചു.

"ഞങ്ങള്‍ സൃഷ്ടിച്ച ചില ചതിക്കുഴികള്‍ സമൂഹത്തിന്റെ പ്രവര്‍ത്തന രീതിയെ തന്നെ തകര്‍ത്തിരിക്കുന്നു. മാന്യമായ സംസാരമില്ല, സഹകരണമില്ല. അസത്യവും തെറ്റായ വിവരങ്ങളുമാണ് നിറയെ, " ഫേയ്‌സ് ബുക്കിനെക്കുറിച്ച് പലിഹപിതിയ പറയുന്നു.

ഫേയ്‌സ് ബുക്കിന്റെ സ്ഥാപക പ്രസിഡന്റ് സീന്‍ പാര്‍ക്കര്‍ ഏറ്റവുമധികം ജനപ്രീതിയാര്‍ജിച്ച ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനെതിരെ ഗുരുതരമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന്റെ പിറകെയാണ് പലിഹപിതിയയുടെ തുറന്ന് പറച്ചില്‍.

കമന്റിലൂടെയും ചാറ്റിലൂടെയും സോഷ്യല്‍ മീഡിയയുടെ ലോകത്ത് കൂപ്പ് കുത്താന്‍ ആളുകളെ പ്രേരിപ്പിക്കുന്നതരം ചതിക്കുഴി സൃഷ്ടിച്ചു കൊണ്ട് മനുഷ്യന്റെ മാനസിക ദൗര്‍ബല്യത്തെ ഫേയ്‌സ് ബുക്ക് ചൂഷണം ചെയ്യുകയാണ് എന്ന് പാര്‍ക്കര്‍ പറഞ്ഞു. പാര്‍ക്കറുടെ നിലപാട് പങ്ക് വെച്ച പലിഹപിതിയ ഫേയ്‌സ് ബുക്കില്‍ നിന്ന് താന്‍ സമ്പാദിച്ച പണം ലോകത്തിന് നന്മ ചെയ്യാന്‍ വേണ്ടി ചെലവഴിക്കുമെന്ന് പ്രഖ്യാപിക്കുകയുമുണ്ടായി.

' അവരെ (ഫേയ്‌സ് ബുക്കിനെ) നിയന്ത്രിക്കാന്‍ എനിക്ക് സാധ്യമല്ല. പക്ഷേ എന്റെ തീരുമാനത്തെ നിയന്ത്രിക്കാന്‍ എനിക്ക് കഴിയും. ആ ഷിറ്റ്ഇ നി ഞാന്‍ ഉപയോഗിക്കില്ല. എന്റെ കുട്ടികളുടെ തീരുമാനത്തെയും എനിക്ക് നിയന്ത്രിക്കാന്‍ കഴിയും. അവരെ അത് ഉപയോഗിക്കാന്‍ ഞാന്‍ അനുവദിക്കില്ല, ' പലിഹപിതിയ പറഞ്ഞു.

ഒരു ആത്മപരിശോധന നടത്താന്‍ സദസ്സിനെ അദ്ദേഹം ആഹ്വാനം ചെയ്തു.

'നിങ്ങളറിയാതെ നിങ്ങളിലെ പെരുമാറ്റങ്ങള്‍ പ്രോഗ്രാം ചെയ്യപ്പെടുകയാണ്. എത്ര കണ്ട് നിങ്ങള്‍ക്കത് ഒഴിവാക്കാന്‍ കഴിയും എന്നതിലൂടെ എത്ര കണ്ട് നിങ്ങള്‍ ബുദ്ധിപരമായി സ്വതന്ത്രരാണ് എന്ന് തെളിയിക്കാന്‍ കഴിയും.' ലോകമെമ്പാടും സാമൂഹിക രാഷ്ട്രീയ വിഭാഗീയതകള്‍ മൂര്‍ഛിപ്പിക്കുന്നതിൽ ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് വിമര്‍ശനം ശക്തമായികൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പലിഹപിതിയയുടെ വാക്കുകള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട്.

കഴിഞ്ഞ അമേരിക്കന്‍ തെരഞ്ഞെടുപ്പിലും ബ്രെക്‌സിറ്റ് റഫറണ്ടത്തിലും ചില ഫേയ്‌സ് ബുക്ക് ഗ്രൂപ്പുകള്‍ നടത്തിയ ഇടപെടലുകളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വ്യപകമായി പ്രചരിച്ചിരുന്നു. അമേരിക്കന്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടി ചില റഷ്യക്കാർക്ക് പരസ്യങ്ങള്‍ വിറ്റതായി ഫേയ്‌സ് ബുക്ക് സമ്മതിച്ചത് ഈയിടെയാണ്. മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലീംകള്‍ക്കെതിരെ ജനവികാരം ഇളക്കി വിടുന്നതില്‍ ഫേയ്‌സ്ബുക്ക് വഹിച്ച പങ്കിനെക്കുറിച്ചും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

ഇന്ത്യയില്‍ ഝാര്‍കണ്ട് സംസ്ഥാനത്ത് ഏഴ് ആളുകള്‍ ആള്‍കൂട്ടആക്രമണത്തിന് വിധേയരായത് വാട്ട്‌സആപ്പിലൂടെ പ്രചരിപ്പിച്ച ഒരു വ്യാജസന്ദേശത്തിന്റെ ഫലമായിരുന്നു എന്ന് പലിഹപതിയ ചൂണ്ടിക്കാട്ടുന്നു. ഫേസ് ബുക്കന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് വാട്ട്‌സ്ആപ്പ്.

'ഇതാണ് നാം നേരിടുന്ന പ്രശ്‌നം . എന്തും ചെയാന്‍ ആള്‍ക്കൂട്ടങ്ങളെ പ്രേരിപ്പിക്കുന്ന തരത്തില്‍ ജനവികാരം സ്വാധീനിക്കാന്‍ ഒരു കൂട്ടം ചീത്ത മനുഷ്യര്‍ ഇറങ്ങിപ്പുറപ്പെട്ടാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ,' പലിഹ പിതിയ പറയുന്നു.


0 Comments

Sort by