ഉപരോധം സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തി: വ്യവസായികൾ

News portal



നിക്ഷേപകരും വ്യവസായികളും കൂടുതൽ ശുഭാപ്തി വിശ്വാസത്തിലാണ്.


അയൽരാജ്യങ്ങൾ ഖത്തറിനുമേൽ അന്യായമായി അടിച്ചേൽപ്പിച്ച ഉപരോധം രാജ്യത്തെ സാമ്പത്തിക വ്യാവസായിക വാണിജ്യ മേഖലകളിൽ വമ്പിച്ച വളർച്ചക്കും ഉണർവിനും ഇടയാക്കിയതായി ഖത്തറിലെ പ്രമുഖ വ്യവസായികൾ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട് ചെയ്തു.

ഉപരോധത്തെ തുടർന്ന് ആദ്യ നാളുകളിൽ നിത്യോപയോഗ സാധനങ്ങൾക്കു പ്രാദേശിക വിപണിയിൽ വമ്പിച്ച ക്ഷാമം നേരിട്ടിരുന്നു എങ്കിലും ഭരണകൂടവും വ്യാപാരികളും വ്യവസായികളും ഒത്തൊരുമിച്ചു ശ്രമിച്ചപ്പോൾ ആഴ്ചകൾകൊണ്ട് പ്രതിസന്ധി മറികടക്കാനും, സ്വദേശികൾക്കും വിദേശികൾക്കും ആവശ്യമായ അവശ്യ വസ്തുക്കൾ പ്രാദേശികമായി തന്നെ ഉത്പാദിപ്പിച്ചു വിപണിയിൽ എത്തിക്കാനും സാധിച്ചു എന്ന് ഇവർ അഭിപ്രായപ്പെട്ടു.

ഖത്തർ നിക്ഷേപസൗഹൃദ രാജ്യമായി മാറിയതും ധാരാളം നിക്ഷേപകർ രാജ്യത്തേക്ക് ആകര്ഷിക്കപെടുന്നു എന്നതും ഉപരോധം വഴിയുണ്ടായ മറ്റൊരു ഗുണഫലം ആണെന്നും ഇവർ വിലയിരുത്തുന്നു. ഇപ്പോൾ രാജ്യത്തെ സമ്പദ്ഘടന സ്വയം പര്യാപ്‍തവും സന്തുലിതവും ആണ്. നിക്ഷേപകരും വ്യവസായികളും കൂടുതൽ ശുഭാപ്തി വിശ്വാസത്തിലാണ്. വരും നാളുകളിൽ ഈ മേഖലകളിൽ വമ്പിച്ച കുതിപ് ഉണ്ടാകും.

ഏതു പദ്ധതികൾക്കും അംഗീകാരം ലഭിക്കുന്നതും ഔപചാരിക അനുമതി നേടലും മുമ്പത്തേക്കാൾ ഇപ്പോൾ എളുപ്പത്തിലായിട്ടുണ്ട് എന്നതും പ്രത്യേകം എടുത്തു പറയേണ്ടകാര്യമാണ് എന്നും ഇവർ ചൂണ്ടികാണിക്കുന്നു.

ഉപരോധപ്രഖ്യാപനശേഷം വർഷാവസാനം വരെ ഒട്ടനവധി പുതിയ വ്യവസായ വാണിജ്യ സംരഭങ്ങളാണ് രാജ്യത്ത് ആരംഭിച്ചത് എന്നതും ഇതിനു തെളിവായി ഇവർ ചൂണ്ടിക്കാണിക്കുന്നു. ഹമദ് തുറമുഖം വഴിയുള്ള ഇറക്കുമതി കയറ്റുമതി ആരംഭിച്ചതും ഒമാൻ തുർക്കി തുറമുഖങ്ങൾ കൂടി രാജ്യത്തേക്കു ഇറക്കുമതി കയറ്റുമതിക്കുള്ള കവാടങ്ങൾ തുറന്നതും ചരക്കുനീക്കത്തിൽ മുൻപൊന്നുമില്ലാത്ത വേഗതയും വളർച്ചയുമാണ് ഉണ്ടായിട്ടുള്ളത് എന്നും ഇവർ നിരീക്ഷിക്കുന്നു.

ഭക്ഷ്യ വിഭവങ്ങൾ, കെട്ടിട നിർമാണ സാമഗ്രികൾ എന്നീ മേഖലയിലാണ് ഉപരോധം കൂടുതൽ ക്ഷാമം ഉണ്ടാക്കിയത്. എന്നാൽ രാജ്യത്തെ ഭരണകൂടം നടത്തിയ സംയോജിത ഇടപെടൽ മൂലം ഈ രണ്ടു മേഖലകളിലും ഇപ്പോൾ അവശ്യ വസ്തുക്കൾ ലഭ്യമായികഴിഞ്ഞു.

ഏതു വെല്ലുവിളിയെയും നേരിടാൻ കഴിയുന്ന രീതിയിൽ രാജ്യത്തെ സാമ്പത്തിക രംഗം ശക്തമായി മുന്നോട്ടു കുതിക്കുകയാണെന്നു പ്രമുഖ വ്യവസായി അബ്ദുൽ ഹാദി അൽ ഷഹവാനി പറഞ്ഞു. ഉപരോധം ഖത്തർ എന്ന രാഷ് ട്രത്തിനു വളർച്ചക്കും വികസനത്തിനും പുതിയ ചക്രവാളങ്ങളാണ് തുറന്നു കൊടുത്തത് എന്നാണ് മറ്റൊരു പ്രമുഖ വ്യവസായി നാസർ ഹൈദർ പ്രതികരിച്ചത്.


0 Comments

Sort by