2017ൽ വൈറലായ 15 വ്യാജവാർത്തകൾ

News portal

news



കഴിഞ്ഞവർഷം വൈറൽ ആയ സ്റ്റോറികളിൽ കുറെ എണ്ണം തീർത്തും വ്യജമായിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.


വാർത്തകൾ തത്സമയം അറിയാനും മതിമറന്ന് വിനോദിക്കാനും സോഷ്യൽമീഡിയയോളം ഉപകാരപ്പെടുന്ന മറ്റൊരു മാധ്യമവും ഇന്നില്ല. അതിനും അപ്പുറത്താണ് അത്യാഹിതങ്ങളിലും അവശ്യ ഘട്ടങ്ങളിലും അത് നൽകുന്ന സേവനം. എന്നുവെച്ചു സാമൂഹിക മാധ്യമങ്ങളെ വിശ്വസിക്കാമോ ?അരുതെന്നാണ് പോയ വർഷത്തിന്റെ ഒസ്സ്യ ത്ത്. കഴിഞ്ഞവർഷം വൈറൽ ആയ സ്റ്റോറികളിൽ കുറെ എണ്ണം തീർത്തും വ്യജമായിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. അവയിൽ പ്രധാനപ്പെട്ട 15 എണ്ണം ഈയിടെ ഇന്ത്യൻ എക്സ്പ്രസ്സ് ലിസ്റ്റ് ചെയ്യുകയുണ്ടായി.

1) ആകാശിന്റെ കല്യാണകത്ത്

രാജ്യം കണ്ട കോർപ്പറേറ്റ് തറവാടുകളിൽ ഒന്നായ അംബാനിയുടെ ഇളമുറക്കാരൻ ആകാശ് അംബാനി വിവാഹിതനാകുന്ന വർത്തയേക്കാൾ പ്രചാരം നേടിയത് കല്യാണത്തിന്റെ ക്ഷണക്കത്തായിരുന്നു.1.5 ലക്ഷം വില വരുന്ന സ്വർണം പൂശിയ ക്ഷണക്കത്തിന്റെ ദൃശ്യവും അത്‌ സംബന്ധിച്ച വിവരണവും അടങ്ങുന്ന വീഡിയോ ക്ലിപ്പിങ് എങ്ങനെ വൈറൽ ആവാതിരിക്കും! പക്ഷെ പിന്നീടല്ലേ ഈ സ്വർണം പൂശലിന് പിന്നിലെ കള്ളക്കളി വെളിച്ചത്താവുന്നത്. തീർത്തും കെട്ടിച്ചമച്ചതായിരുന്നു ഈ ക്ലിപ്പിങ്. അംബാനി കുടുംബവും റിലയൻസ് കമ്പനിയും ഇത് നേരത്തെ നിഷേധിച്ചതാണ്. ജിയോ കമ്പനിയുടെ ബോർഡ്‌ മെമ്പറും മുകേഷ് നിത ദമ്പതിമാരുടെ മൂത്ത പുത്രനുമാണ് ആകാശ് അംബാനി.

2) മുഖം മിനുക്കിയ പെൺകുട്ടി

19 കാരി ഇറാനി പെൺകുട്ടി പ്ലാസ്റ്റിക് സർജറി നടത്തി സിനിമാ നടിയെപോലെ ആയ കഥയാണ് മറ്റൊന്ന്. സഹർ തബർ എന്നു പേരുള്ള ഈ പെൺകുട്ടി താൻ 50 തവണ പ്ലാസ്റ്റിക് സർജറിക്ക് വിധേയയായി ഇഷ്ടതാരം അൻജലീനാ ജൂലിയുടെ മുഖ സൗന്ദര്യം കൈവരിച്ചു എന്നായിരുന്നു സഹർ അവകാശപ്പെട്ടിരുന്നത്. ഇതിനായി തന്റെ സർജറിക്ക് മുൻപും പിമ്പും ഉള്ള ചിത്രങ്ങൾ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. പക്ഷെ മേക്കപ്പിട്ട മുഖത്തിന്റെ ചിത്രം ഫോട്ടോ ഷോപ്പിലിട്ട് രൂപ മാറ്റം വരുത്തി എന്നല്ലാതെ സഹറിന്റെ മുഖത്തിന് യാതൊരു മാറ്റവും സംഭവിച്ചില്ല എന്നതാണ് നേര്. ഇത് ആ പെൺകുട്ടി തന്നെ തുറന്നു സമ്മതിച്ചതാണ്.

3) ജേക്കബ് സുമയുടെ ബിഗിനിങ്

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്‌ ജേക്കബ് സുമക്ക് ബിഗിനിങ് എന്ന ഇംഗ്ലീഷ് വാക്ക് ഉച്ചരിക്കാൻ കഴിയില്ലെന്ന അരമനരഹസ്യം അങ്ങാടി പാട്ടായ വർഷമായിരുന്നു 2017. പക്ഷെ സത്യമറിയുന്നവർ യഥാർത്ഥ വീഡിയോ ദൃശ്യം തൊടുത്തു വിട്ടപ്പോൾ സുമക്ക് അങ്ങനെയൊരു തുടക്കം കിട്ടാത്ത പ്രശ്‌നമില്ലെന്ന് വ്യക്തമായി.

4)വിവേകാനന്ദ പ്രതിമ

തലയറുത്തു മാറ്റിയ നിലയിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ പ്രദർശിപ്പിക്കുന്ന വീഡിയോ ക്ലിപ്പിങ്ങാണ് ഇ കൂട്ടത്തിലെ പ്രകോപനപരമായ വ്യാജ വാർത്തകളിൽ ഒന്ന്. വർഗീയ സംഘർഷത്തിന്റെ വക്കോളമെത്തിയ ഈ കാളകൂട നുണ വാർത്ത ഭാഗ്യം കൊണ്ട് എട്ടിൽ പൊട്ടിപ്പോയി എന്ന് മാത്രം. യു. പി യിലെ ബാഹോദയിലാണ് സംഭവം എന്നും ഒരു മുസ്ലിം തീവ്രവാദിയാണ് ഇതിനു പിന്നിലെന്നും തട്ടിവിട്ട് ശംഖ്നാദ് എന്ന ട്വിറ്റെർ സൈറ്റിലാണ് വാർത്ത ആദ്യം വന്നത്. പിന്നീട് പ്രതി പിടിയിൽ എന്ന സ്വന്തം വക കൂടി ചേർത്ത് അഖണ്ഡ ഭാരത് ഈ വാർത്ത ഏറ്റു പിടിക്കുകയും നിരവധി തവണ ആവർത്തിക്കുകയും ചെയ്തിരുന്നു.

5) തിളങ്ങുന്ന ഇന്ത്യ

ദീപ പ്രഭയിൽ തിളങ്ങി നിൽക്കുന്ന ഇന്ത്യയുടെ ആകാശക്കാഴ്ചയാണ് വ്യാജ വൈറലുകളിൽ സ്ഥാനം പിടിച്ച മറ്റൊന്ന്.

ഇക്കഴിഞ്ഞ ദീപാവലി ദിവസം രാത്രി എടുത്ത ചിത്രം എന്ന പേരിൽ ബഹിരാകാശ സഞ്ചാരിയായ പോളോ നെസ്‌പോളിയാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. പടം ഒറിജിനൽ തന്നെ പക്ഷെ ഫോട്ടോ ദീപാവലിക്കും ഒരു മാസം മുൻപ് താൻ തന്നെ ഫ്ലിക്കറിൽ ഇട്ടിരുന്ന കാര്യം അദ്ദേഹം മറന്നുപോയതോ എന്തോ. പക്ഷെ ഇക്കാര്യം മറ്റൊരു ഫ്ലിക്കർ വരിക്കാരൻ എടുത്ത് പുറത്തിട്ടതോടെ തട്ടിപ്പ് പൊളിഞ്ഞു.

6) സുവർണ ക്ഷേത്ര ശോഭ

ദീപാവലി ഉത്സവരാവിൽ പഞ്ചാബിലെ സുവർണ ക്ഷേത്രം വായുവിൽ തത്തിക്കളിക്കുന്ന സ്വർണ വർണ ദീപങ്ങളാൽ അലംകൃതമായതിന്റെ ദൃശ്യമാണ് അല്പായുസ്സിൽ കണ്ണു ചിമ്മിയത്. ഫോട്ടോഷോപ്പ് വിരുതന്റെ കരവിരുതിനപ്പുറം ഇതിൽ കാര്യമൊന്നുമുണ്ടായിരുന്നില്ല.

7) ട്രംപും ഉറുദുഗാനും പുട്ടിനും

റഷ്യൻ പ്രസിഡന്റ്‌ വ്ളാദ്മീർപുട്ടിനെ നടുവിലിരുത്തി അമേരിക്കൻ പ്രസിഡന്റ്‌ റൊണാൾഡ്‌ ട്രംപും തുർക്കി പ്രസിഡന്റ്‌ റജബിതയ്യിബ്ഉർദുഗാനും ചർച്ച നടത്തുന്ന ദൃശ്യമാണ് വാർത്തകളിലെ വ്യാജന്മാരിൽ മറ്റൊന്ന്. ജർമനിയിലെ ഹംബർഗിൽ നടന്ന ജി20 ഉച്ചകോടിയുടെ ആദ്യ ദിവസമായിരുന്നു ഇത്തരത്തിലൊരു കൂടിക്കാഴ്ച.പക്ഷെ യഥാർത്ഥ ചിത്രത്തിൽ നാടുവിലിരിക്കുന്നത് പുട്ടിനല്ല തെരേസ മെയ്‌ ആണെന്ന് മാത്രം.റഷ്യിലെ ഏതോ ഫോട്ടോഷോപ്പ് വിദഗ്‌ധൻ ഒപ്പിച്ച വേലയാണ് ഈ ആൾമാറാട്ടമെന്ന് പിന്നീടാണ് അറിയുന്നത്.

8)ഇർമ ചുഴലിക്കാറ്റ്

കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം. ഇർമ ചുഴലിക്കാറ്റിന്റെ ഭീകര ദൃശ്യം എന്ന പേരിൽ മോയ ദുറാൻ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ചിത്രം ഉറുഗ്വായിൽ രണ്ടായിരത്തിപതിനാറിൽ അടിച്ചുവീശിയ ടൊർണാഡോവിൽ നിന്നുള്ളതായിരുന്നു.

9) വമ്പൻ സ്രാവ്

അമേരിക്കയിൽ വമ്പൻ സ്രാവ് കരക്കടിഞ്ഞ വാർത്തയും ദൃശ്യവും ഒരുപാടുപേര് കണ്ടതാണ്. ഹാർവി ചുഴലിക്കാറ്റിനിടയിൽ ഹൂസ്റ്റൺ തെരുവിലാണ് സംഭവം എന്ന് അവകാശപ്പെട്ടായിരുന്നു വാർത്ത പ്രചരിച്ചിരുന്നത്.

10) ത്രിവർണ പതാകയിൽ പൊതിഞ്ഞ സ്മാരകങ്ങൾ

കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ അമേരിക്കയിലെ ലിബർട്ടി സ്റ്റാച്യു, പെസയിലെ ചെരിഞ്ഞ ഗോപുരം എന്നിവയടക്കം പല ചരിത്രപ്രധാന സ്മാരകങ്ങളും നിർമിതികളും ത്രിവർണ പതാകയിൽ പൊതിഞ്ഞതിന്റ ചിത്രം മറ്റൊരു സമാന സംഭവമാണ്. പോണ്ടിച്ചേരി ലെഫ്റ്റ്.ഗവർണർ ഈ കാഴ്ച കണ്ട് ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്തതായി ട്വീറ്റ് ചെയ്തിരുന്നു. പക്ഷെ ദുബായിലെ ബുർജ് ഖലീഫ കെട്ടിടം മാത്രമേ ത്രിവർണ പതാകയിൽ പൊതിഞ്ഞിരുന്നുള്ളൂ എന്നതാണ് നേര്. യു. എ. ഇ യിലെ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാൻ ആയിരുന്നു ഡൽഹിയിൽ റിപ്പബ്ലിക്ക് ദിന പരേഡിലെ മുഖ്യാഥിതി.

11) ലയാനയുടെ ചിത്രം

പ്രമുഖ ബ്ലോഗ് എഴുത്തുകാരി അമിലിയ ഡയാന താജ്മഹലിനെ പശ്ചാത്തലമാക്കി എടുത്ത ഫോട്ടോ വ്യാപക പ്രചാരം നേടിയെങ്കിലും കള്ളി വെളിച്ചത്തായപ്പോൾ അവരുടെ കുമ്പസാരം ഇങ്ങനെ.നാലാളറിയാൻ വേണ്ടി ഒപ്പിച്ച ഒരു വേലയായിരുന്നു ഇത്.

12) ഇരുനൂറുരൂപ നോട്ട്

റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ 200 രൂപ ഒറ്റ നോട്ട് ഇറക്കിയെന്ന സചിത്ര വാർത്തയും തഥൈവ. ഒറിജിനൽ നൊട്ടിനുവേണ്ട മിക്ക അടയാളങ്ങളോടും കൂടി പ്രത്യക്ഷപ്പെട്ട ചിത്രം കൃത്രിമ സൃഷ്ടിയായിരുന്നു എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവർണർ നിഷേധിക്കുന്നതോടെയാണ് വ്യാജപ്പട്ടികയിലേക്ക് ഇത് നീങ്ങിയത്. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു സംഭവം.

13) കടുവയും മാനും

രണ്ടു കടുവകൾ ചേർന്ന് ഒരു ആഫ്രിക്കൻ മാനിനെ നിന്ന നില്പിൽ കഴുത്തിനു കടിച്ചു പിടിക്കുന്നതിന്റെ ദൃശ്യം കരളലിയിക്കുന്നതായിരുന്നു. എന്നാൽ കടിയേറ്റിട്ടും നിസ്സംഗമായി നിൽക്കുന്ന മാനിന്റെ ദൃശ്യം സൂക്ഷ്മ നിരീക്ഷകരിൽ സംശയം ജനിപ്പിക്കുന്നതായിരുന്നു. ആ സംശയം അസ്ഥാനത്തല്ലെന് പിന്നീട് വ്യക്തമായി.

14) പത്തു തലയുള്ള മൂർഖൻ

പത്തു ദിവസം കൊണ്ട് പത്തു ലക്ഷം പേരെ ആകർഷിച്ച വാർത്തയുടെ തലക്കെട്ടാണ് ഇത്. മിത്തുകൾ യാഥാർഥ്യമാകുന്നു എന്നുവരെ ചിലർ പ്രചരിപ്പിക്കുകയുണ്ടായി.

15) നോട്ടിൽ പൊതിഞ്ഞ കാർ

കഴിഞ്ഞ വാലൻന്റൈൻ ദിനത്തിലാണ് സംഭവം. ഒരു മുംബൈക്കാരൻ തന്റെ കാർ 2000 രൂപ നോട്ടുകൾകൊണ്ട് പൊതിഞ്ഞതാണ് സംഭവം. ഗേൾ ഫ്രണ്ടിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവുകളുടെ ഭാഗമായാണ് ഈ വേല ഒപ്പിച്ചതെന്നും വർത്തയിലുണ്ടായിരുന്നു. പക്ഷെ ദാ വന്നു ദേ പോയി എന്ന മട്ടിൽ അതും വ്യാജോക്തിയായി. അങ്ങനെ ഫോട്ടോഷോപ്പിന്റെ അനന്ത സാധ്യതകൾ ദുരുപയോഗം ചെയ്ത് എത്രയെത്ര കിടിലൻ കള്ളങ്ങൾ! സൂക്ഷിക്കുക കാണുന്നതെല്ലാം വിശ്വസിക്കരുത്. 2017 ന് യാത്രാമൊഴി.....


0 Comments

Sort by