തൊഴിലാളികളുടെ ക്ഷേമത്തിനു പദ്ധതികളുമായി സുപ്രീം കമ്മിറ്റി

News portal

news



17,000 ത്തോളം നിർമാണ തൊഴിലാളികളുടെ സുരക്ഷക്കും ക്ഷേമത്തിനായി വിപുലമായ പദ്ധതികൾ .


ലോക കപ്പുമായി ബന്ധപ്പെട്ട പ്രോജെക്റ്റുകളിൽ ജോലി ചെയ്തു വരുന്ന 17,000 ത്തോളം നിർമാണ തൊഴിലാളികളുടെ സുരക്ഷക്കും ക്ഷേമത്തിനായി വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നതായി സുപ്രീം കമ്മറ്റിയെ (Supreme Committee for Delivery &Legacy) ഉദ്ധരിച്ചുകൊണ്ട് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട് ചെയ്തു.

2022 ൽ നടക്കാനിരിക്കുന്ന ലോക കപ്പുമായി ബന്ധപ്പെട്ട പ്രൊജക്ടുളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് വേണ്ടിയാണ് കമ്മറ്റി പദ്ധതികൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുന്ന മുഴുവൻ തോഴിലാളികളുടെയും തൊഴിൽ സ്ഥലം, താമസസ്ഥലം എന്നിവിടങ്ങളിലെ സുരക്ഷ, ആരോഗ്യം എന്നിവക്കുവേണ്ടി വിവിധ വകുപ്പുകളുമായി ചേർന്ന് ഏകോപിച്ച ശ്രമങ്ങളാണ് നടത്തിവരുന്നത് എന്നും റിപ്പോർട് പറയുന്നു.
ഇതിനായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് കൺസ്ട്രക്ഷൻ ആൻഡ് വുഡ് വർക്കേഴ്‌സുമായും, വിദേശ ഏജൻസിയായ ഇമ്പാക്ട് ലിമിറ്റഡ് കമ്പനിയുമായും ചേർന്ന് സുതാര്യമായ നടപടിക്രങ്ങൾ ആണ് ഇപ്പോൾ നടന്നു വരുന്നത്. ഇതിന്റെ തന്നെ ഭാഗമായി വക്രാ സ്റ്റേഡിയം , അൽ കോർ സിറ്റിയിലെ അൽ ബൈത് സ്റ്റേഡിയം, ഖത്തർ ഫൗണ്ടേഷൻ സ്റ്റേഡിയം, അൽ റയ്യാൻ സ്റ്റേഡിയം എന്നിവിടങ്ങളിലും ഇവിടെ ജോലി ചെയ്തു വരുന്ന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും ആറ് റൌണ്ട് പരിശോധനകൾ ഇതിനകം നടത്തിക്കഴിഞ്ഞു.

സന്ദർശനങ്ങളിൽ തൊഴിലാളികളിൽ നിന്നും ലഭിച്ച പരാതികൾ, അഭിപ്രായങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ജോയിൻറ് കമ്മിറ്റി വിശദമായ റിപ്പോർട്ടുകളും സമർപ്പിച്ചു കഴിഞ്ഞു. ഈ നിർദ്ദേശങ്ങൾ മുഖവിലക്കെടുത്തു തൊഴിലാളികളുടെ സുരക്ഷാ ആരോഗ്യ വിഷയത്തിൽ ക്രിയാത്മക തീരുമാങ്ങളാണ് പ്രോജക്ട് ആന്റ് ഹെറിറ്റേജ് കമ്മറ്റി എടുത്തിട്ടുള്ളത്.

ആദ്യ സൈറ്റ് സന്ദർശന ശേഷം ഇമ്പാക്ട് ലിമിറ്റഡ് കമ്പനി 2017 ഏപ്രിൽ മാസത്തിലാണ് വിദഗ്ദ്ധർ തയാറാക്കിയ ആദ്യ റിപ്പോർട് സമർപ്പിച്ചത്. ഈ റിപ്പോർട്ടിൽ പറഞ്ഞ നിർദേശങ്ങൾ ഓരോന്നായി ഇപ്പോൾ നടപ്പിൽ വരുത്തികൊണ്ടിരിക്കുകയാണ്. തൊഴിലാളികളുടെ ഭക്ഷണ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ പരിഗണിച്ചു കൊണ്ട് ഖത്തറിലെ വെയിൽ കോർണൽ മെഡിക്കൽ കോളജുമായി സഹകരിച്ചു കൊണ്ട് ഫുഡ് പ്രൊജക്റ്റ് എന്ന പേരിൽ ഒരു പദ്ധതി ആവിഷ്ക്കരിച്ചു.തൊഴിലാളികളുടെ ആരോഗ്യകരമായ ഭക്ഷണക്രമത്തെക്കുറിച്ച് കോൺഡ്രാക്റ്റര്മാരെയും ബന്ധപ്പെട്ട അധികൃതരെയും ബോധവൽക്കരിക്കാനുള്ളതാണ് ഈ പദ്ധതി.

2018 ലേക്ക് കൂടുതൽ ആരോഗ്യകരമായ ഭക്ഷണ ലഭ്യത ഉറപ്പു വരുത്താനും പദ്ധതിയിൽ നടപടികൾ രൂപപെടുത്തിയിട്ടുണ്ട്. ഫലപ്രദമായ പ്രഥമ ശുശ്രൂഷ സംവിധാനങ്ങളാണ് മറ്റൊരു നിർദേശമായി വന്നിരുന്നത്. 12000 തൊഴിലാളികളെ വിശദമായ പ്രാഥമിക വൈദ്യ പരിശോധനക്ക് വിദേയമാക്കുകയും സൈറ്റ് സൂപ്പർ വൈസർമാർ, മെഡിക്കൽ ഓഫിസർമാർ, സേഫ്റ്റി ഓഫീസർമാർ എന്നിവരുടെ പ്രവർത്തനക്ഷമത വിശദമായി തന്നെ വിലയിരുത്തുകയും ചെയ്യുകയുണ്ടായി.

തൊഴിലാളികൾ ജോലിയിൽ ചേർന്ന ഒന്നാം തിയ്യതിമുതൽ ജോലി അവസാനിപ്പിച്ചു അവരുടെ നാടുകളിലേക്ക് തിരിച്ചു പോകുന്ന സമയം വരെ അവരുടെ സുരക്ഷ, ജീവിത നിലവാരം , ആരോഗ്യം എന്നിവ ഉന്നത നിലവാരത്തിൽ ആയിരിക്കാൻ വേണ്ട സമഗ്ര പദ്ധതികളാണ് ഇപ്പോൾ സുപ്രീം കമ്മറ്റി ആവിഷ്ക്കരിച്ചു നടപ്പിലാക്കികൊണ്ടിരിക്കുന്നത്. പരാതികൾ അറിയിക്കാൻ തൊഴിലാളികൾക്കായി ഇരുപത്തിനാലു മണിക്കൂറും ഹോട് ലൈൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്.


0 Comments

Sort by