വിസയിളവ്: സ്വപ്നച്ചിറകിലേറി പ്രവാസി കുടുംബങ്ങൾ ഖത്തറിലേക്ക്

News portal

news



ഇന്ത്യ ഉള്‍പ്പടെ 80 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഗവണ്‍മെന്റ് നല്‍കിയ അനുമതി ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങള്‍ക്ക് അനുഗ്രഹമായി മാറുന്നു.


കഴിഞ്ഞ ആഗസ്ത് ആദ്യവാരത്തിലാണ് ഖത്തറിലെ ആഭ്യന്തരമന്ത്രാലയവും ഖത്തര്‍ ടൂറിസം അതോറിറ്റിയും ഖത്തര്‍ എയര്‍വേഴ്‌സും യോജിച്ചുകൊണ്ട് സുപ്രധാനമായ ഈ തീരുമാനം പ്രഖ്യാപിച്ചത്.

സൗദി അറേബ്യയും യു.എ.ഇ യും ബഹറൈനും ഈജിപ്തും ചേര്‍ന്ന് ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ അനീതിപരമായ ഉപരോധത്തിന്റെ പിറകെ വന്ന ഈ ഇളവ് നിരവധി മലയാളി സന്ദര്‍ശകര്‍ ഇതിനകം ഉപയോഗപ്പെടുത്തിക്കഴിഞ്ഞു.

ചുരുങ്ങിയത് ആറുമാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്ക വിമാന ടിക്കറ്റുമുണ്ടെങ്കില്‍ ഏത് ഇന്ത്യന്‍ പൗരനും പ്രായപരിധിയില്ലാതെ ഖത്തറില്‍ വന്നിറങ്ങുകയും രണ്ട് മാസം വരെ തങ്ങുകയും ചെയ്യാം, പുതിയ നിയമപ്രകാരം. ആദ്യത്തെ ഒരു മാസത്തിന് ശേഷം പിന്നെ ഒരു മാസത്തേക്ക് കൂടി താമസം നീട്ടാം. സാധാരണ ടൂറിസ്റ്റ് വിസയിലോ ബിസിനസ് വിസയിലോ വ്യക്തികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വിസയിലോ ഖത്തറില്‍ എത്തുന്നവര്‍ക്ക് ഒരു മാസത്തിലധികം തങ്ങണമെങ്കില്‍ നിര്‍ബന്ധമായ മെഡിക്കല്‍ ചെക്കപ്പിന് വിധേയമാവുകയും പരിശോധനാഫലം അനുകൂലമാവുകയും വേണം. എന്നാല്‍ പുതിയ സംവിധാനത്തില്‍ ഇതും ആവശ്യമില്ല എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മലപ്പുറം ജില്ലക്കാരനായ അശ്‌റഫ് മാതാവിനെ ഖത്തറില്‍ കൊണ്ടുവന്ന് രണ്ട് മാസം താമസിപ്പിച്ചത് പുതിയ നിയമത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ടാണ്. ''60 വയസ്സ് കഴിഞ്ഞവര്‍ക്ക് ടൂറിസ്റ്റ് വിസ കിട്ടണമെങ്കില്‍ ഒരുപാട് നിയമ സങ്കീര്‍ണ്ണതകള്‍ ഉണ്ട്. അത്തരം ഒരു പ്രയാസവും ഇല്ലാതെയാണ് ഉമ്മ എന്റെ ഭാര്യയുടെ കൂടെ ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയത്," അശ്റഫ് ഈയുഗത്തോട് പറഞ്ഞു. ''ഖത്തറില്‍ ആരുടെ കൂടെയാണ് താമസിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് മാത്രമെ എയര്‍പോര്‍ട്ട് അധികൃതര്‍ അന്വേഷിക്കുകയുള്ളൂ. ഭാര്യകൂടെയുള്ളത്‌കൊണ്ട് ആ ചോദ്യവും ഒഴിവായിക്കിട്ടി."

ഖത്തറില്‍ ആരുടെ കൂടെയാണോ താമസിക്കാന്‍ ഉദ്ദേശിക്കുന്നത് അവരുടെ ഖത്തര്‍ ഐഡന്റിറ്റി കാര്‍ഡിന്റെ കോപ്പി സന്ദര്‍ശകരുടെ കയ്യില്‍ ഉണ്ടായിരിക്കുന്നത് നല്ലതാണെന്നും അശ്‌റഫ് ഉപദേശിക്കുന്നു. ''ഒരു മാസം കഴിഞ്ഞപ്പോള്‍ ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് ഒരു മാസത്തേക്ക് കൂടി താമസം നീട്ടി. ഏതാനും മിനുട്ടുകളുടെ പണിമാത്രം. ഫീസോ, മെഡിക്കല്‍ ടെസ്‌റ്റോ ഒന്നും വേണ്ടി വന്നില്ല,'' കഴിഞ്ഞ ആഴ്ച ഉമ്മയോടും ഭാര്യയോടും ഒപ്പം നാട്ടിലേക്ക് തിരിച്ച അശ്‌റഫ് പറഞ്ഞു നിര്‍ത്തി.

മാതാപിതാക്കളെയും ഭാര്യാസന്തതികളെയും കുറച്ചുകാലം തങ്ങളുടെ കൂടെ താമസിപ്പിക്കുക, ഖത്തര്‍ ജീവിതത്തിന്റെ അനുഭവങ്ങള്‍ അവര്‍ക്കും പകര്‍ന്നുകൊടുക്കുക - ഏതൊരു പ്രവാസിയുടെയും ഏറ്റവും വലിയ ഈ സ്വപ്നമാണ് വിസ ഇളവിലൂടെ ദീര്‍ഘവീക്ഷണമുള്ള ഖത്തറിന്റെ ഭരണാധികാരികള്‍ സാക്ഷാല്‍ക്കരിച്ചുകൊടുക്കുന്നത്.

പ്രവാസജീവിതം ഒരു ദശാബ്ദം പിന്നിട്ട കോഴിക്കോട്ടുകാരനായ അബ്ദുന്നാസര്‍ ആദ്യമായി തന്റെ ഭാര്യയെയും കുട്ടികളെയും ഖത്തറില്‍ കൊണ്ടുവന്നത് ഒരു മാസം മുമ്പാണ്. രണ്ടാഴ്ച ദോഹയില്‍ താമസിച്ച് അവര്‍ തിരിച്ചുപോയി. '' ഒരു പ്രയാസവുമില്ലാതെ അവര്‍ക്ക് വരാനും എന്റെ കൂടെ താമസിക്കാനും അവസരം ഒരുക്കിയ ഖത്തറിലെ ഭരണാധികാരികളോട് ഞാന്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു, " അബ്ദുന്നാസര്‍ പറഞ്ഞു.

പുതിയ നിയമം വരുന്നതിനുമുമ്പ്, ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കണമെങ്കില്‍ ടൂറിസ്റ്റ് വിസയോ, ബിസിനസ് വിസയോ വ്യക്തിയുടെ സ്‌പോണ്‍സര്‍സിപ്പിലുള്ള വിസയോ മുന്‍കൂട്ടി ലഭ്യമായിരിക്കണം. ഓരോ വിസക്കും നിശ്ചിത ഫീസുണ്ട് അത്യാവശ്യമായ രേഖകള്‍ അപേക്ഷയുടെ കൂടെ സമര്‍പിച്ച് കാത്തിരിക്കണം. യഥാര്‍ത്ഥ ഫീസിനെക്കാള്‍ അധികമാണ് അവരുടെ ലാഭവിഹിതം കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് കമ്പനികളും ട്രാവല്‍ ഏജന്‍സികളും സന്ദര്‍ശകരില്‍നിന്ന് ഈടാക്കിയിരുന്നത്. ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡോ വിശ്ചിത തുകയോ കയ്യില്‍ കരുതേണ്ടി വരും. ഇത്തരം സങ്കീര്‍ണതകളെല്ലാം ഒഴിവാകുന്നുവെന്നതാണ് പുതിയ സംവിധാനത്തിന്റെ സവിശേഷത.

പുതിയ നിയമം പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അനുഗ്രഹമായപ്പോള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് തിരിച്ചടിയായി. ടൂറിസ്റ്റ് വിസയില്‍ വന്‍ ഇടിവ് സംഭവിച്ചത്‌കൊണ്ട് അവരുടെ ബിസിനസ്സിനെ അത് കാര്യമായി ബാധിച്ചു എന്നാണ് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഖത്തറിലെ പ്രമുഖ ട്രാവല്‍ ഏജന്‍സികള്‍ അധികവും ടൂറിസ്റ്റ് വിസ സര്‍വീസ് കൂടി നല്‍കുന്നവയാണ്.

ഇന്ത്യക്ക് പുറമെ, ഇന്തോനേഷ്യ, ചൈന, ബ്രസീല്‍, അര്‍ജന്റീന, ആസ്‌ത്രേലിയ, ലബനാന്‍, മലേഷ്യ, ജപ്പാന്‍, റഷ്യ, ദക്ഷിണാഫ്രിക്ക, തായ്‌ലാന്റ്, ജോര്‍ജിയ, ക്യൂബ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളും വിസ ഇളവിന്റെ പരിധിയില്‍പെടും. ഈ രാജ്യങ്ങളില്‍നിന്നൊക്കെ നിരവധി സന്ദര്‍ശകരാണ് ദിനേന ഖത്തറില്‍ എത്തുന്നത്.

"പുതിയ നിയമത്തിന് ശേഷം ടൂറിസ്റ്റുകളുടെ വരവ് ഗണ്യമായി വര്‍ദ്ധിച്ചിരിക്കാനാണ് സാധ്യത. സന്ദര്‍ശകര്‍ വിമാന ടിക്കറ്റ് വാങ്ങുന്നത് അവരുടെ നാട്ടില്‍നിന്നായത് കൊണ്ട് അതിന്റെ ഗുണം ഞങ്ങള്‍ക്ക് കിട്ടുകയില്ല. ടൂറിസ്റ്റ് വിസയില്‍ ഏതാണ്ട് 40 ശതമാനത്തിന്റെ കുറവ് വിസ ഇളവ് നിലവില്‍വന്നതിന് ശേഷം ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ട്,'' ഒരു പ്രമുഖ ട്രാവല്‍ ഏജന്‍സിയുടെ വാക്താവ് 'ഈ യുഗ'ത്തോട് പറഞ്ഞു.

ട്രാവല്‍ ഏജന്‍സികള്‍ക്ക് താല്‍ക്കാലികമായ തിരിച്ചടിയാണെങ്കിലും വിമാനകമ്പനികള്‍ക്കും ഹോട്ടല്‍ വ്യവസായത്തിനും വലിയ അനുഗ്രഹമാണ്, പുതിയ നിയമത്തിലൂടെ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധന. സന്ദര്‍ശകരായി ഖത്തറില്‍ എത്തുന്ന മലയാളികള്‍ അധികവും ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ കൂടെയാണ് താമസിക്കുക. പക്ഷേ, മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവരുടെ കാര്യം അതല്ല. ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്ന പലരും ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിക്കുന്നവരാണ്.

പുതിയ നിയമത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ട് കുടുംബസമേതം ഖത്തര്‍ സന്ദര്‍ശിക്കുന്നവരും ധാരാളമുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഖത്തറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാനുള്ള ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണത്തിന്റെ ഭാഗമായി വേണം പുതിയ നിയമത്തെ വിലയിരുത്താന്‍.


0 Comments

Sort by