ഇത് വിളവെടുപ്പ്കാലം: ഖത്തറിൽ പഴം പച്ചക്കറികൾക്ക് വില കുറയുന്നു

News portal

news



ഉപരോധ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി നിലച്ചിട്ടും സെൻട്രൽ മാര്ക്കറ്റിൽ മിതമായ നിരക്കിൽ ലഭ്യമാവുന്ന പ്രാദേശികമായി ഉൽപ്പാദിപ്പിച്ച പച്ചക്കറികളും പഴങ്ങളുമാണ് ഉപപക്താക്കളെ ആകർഷിച്ചു കൊണ്ടിരിക്കുന്നത്.


ഉപരോധം ആറ് മാസം പിന്നിടുമ്പോൾ ഖത്തറിൽ പഴം പച്ചക്കറികൾ കുറഞ്ഞ വിലക്ക് സുലഭമായി ലഭിച്ചു കൊണ്ടിരിക്കുന്നു. രാജ്യത്ത് വിളവെടുപ്പ് കാലം ആരംഭിച്ചത് കാരണം പ്രാദേശിക ഫാമുകളിൽ നിന്നുള്ള ഗുണമേൻമയേറിയ ഉൽപ്പന്നങ്ങളും തുഛ വിലക്ക് ഉപഭോക്താക്കൾക്കു ലഭ്യമായി തുടങ്ങി.

ഉപരോധ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി നിലച്ചിട്ടും മാര്ക്കറ്റിൽ മിതമായ നിരക്കിൽ ലഭ്യമാവുന്ന പ്രാദേശികമായി ഉൽപ്പാദിപ്പിച്ച പച്ചക്കറികളും പഴങ്ങളുമാണ് ഉപപക്താക്കളെ ആകർഷിച്ചു കൊണ്ടിരിക്കുന്നത്.

ദോഹാ സെൻട്രൽ മാർക്കറ്റിന് പുറമെ പ്രദേശിക ഉൽപന്നങ്ങൾക്ക് വേണ്ടി മാത്രം വക്റ, അൽഖോർ , ഉമ്മുസലാൽ ( മസ്റൂഅ ) എന്നിവിടങ്ങളിൽ പ്രത്യേകം ശൈത്യകാല മാർക്കറ്റുകൾ തുറന്നിട്ടുണ്ട്. പഴം പച്ചക്കറികൾക്ക് പുറമെ പ്രദേശികമായി ഉൽപാദിപ്പിച്ച മുട്ട, കോഴി, കാട, തേൻ തുടങ്ങിയ വൈവിധ്യമായ ഇനങ്ങൾ ഇവിടെ ലഭ്യമാണ്. അത്യാകർഷകമായ വിലയും ഗുണമേൻമയും കാരണം സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് ആളുകളെയാണ് ഈ ചന്തകൾ ദിനേന ആകർഷിക്കുന്നത്.

പ്രാദേശിക ഉൽപന്നങ്ങളുടെ വരവോടെ ഹൈപർ മാർക്കറ്റുകളിലും വൻകിട ഷോപ്പിംഗ് സെൻററുകളിലും പഴം പച്ചക്കറികളുടെ വില ഗണ്യമായി കുറഞ്ഞു. പ്രാദേശികമായി ലഭ്യമല്ലാത്ത ഉത്പന്നങ്ങൾ പുതിയ സ്റോതസ്സുകളിൽ നിന്ന് ഇറക്കുമതിചെയ്യുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സമയോജിത ശ്രമങ്ങളും വിലനിലവാരം പിടിച്ചു നിർത്തുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്.

പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാനായി അധികൃതർ നടത്തുന്ന ഫലപ്രദമായ നടപടികളും നിയമം ലംഘിച്ചവർക്കെതിരെ എടുത്ത മാതൃകാപരമായ ശിക്ഷാ നടപടികളും വിപണിക്ക് കരുത്ത് പകർന്നു. സ്വകാര്യ മേഖലയിലെ വ്യാപാരികളും സർക്കാർ സംവിധാനങ്ങളും ഒരുമിച്ച് പ്രതി സന്ധി മറികടക്കാൻ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

രാജ്യത്ത് അവശ്യ വസ്തക്കളുടെ ലഭ്യതയുടെ കാര്യത്തിൽ പ്രതിസന്ധി സൃഷ്ട്ടിച്ച് സമ്മർദ്ദം ചെലുത്താനുള്ള ഉപരോധ രാജ്യങ്ങളുടെ ശ്രമങ്ങൾ പരാജയപ്പെട്ടു എന്നതാണ് മാർക്കറ്റിലെ അവസ്ഥകൾ കാണിച്ചു തരുന്നത് എന്ന് പ്രമുഖ വ്യാപാരി മുഹ്‌സിൻ അൽ ഹദ്ദാദ് പറഞ്ഞു.

ഇന്ന് സെൻട്രൽ മാർക്കറ്റിൽ പഴം പച്ചക്കറി ഉത്പന്നങ്ങൾ സുലമായി മിതമായി നിരക്കിൽ ലഭ്യമാകാൻ കാരണം ഉപരോധ പ്രഖ്യാപനം വന്ന ഉടൻ ഭരണകൂടം നടത്തിയ യുക്തിപൂർണമായ ഇടപെടലുകളും ബദൽ ഉറവിടങ്ങൾ കണ്ടെത്തി അവശ്യ വസ്തുക്കൾ സുലഭമായി പൊതുമാർകറ്റിൽ ലഭ്യമാക്കാൻ നടത്തിയ ശ്രമങ്ങളുമാണ് എന്ന് സ്വദേശിയായ അബ്ദുള്ള അൽ സുലൈത്തി പറഞ്ഞു. സെൻട്രൽ മാർക്കറ്റിൽ സാധനനങ്ങൾ വാങ്ങാൻ എത്തുന്ന സ്വദേശികൾക്കോ വിദേശികൾക്കോ ഉപരോധം രാജ്യത്തെ ഒരു വിധത്തിലും ബാധിച്ചിട്ടില്ല എന്ന് നേരിട്ട് ബോധ്യപ്പെടും എന്നും ഇദ്ദേഹം കൂട്ടി ചേർത്തു.

ഇന്ത്യ, പാക്കിസ്ഥാൻ, തുർക്കി, ഇറാൻ , അൾ ജീരിയ, മൊറോക്കോ, തുനീഷ്യ, ലബനാൻ ചില യൂറോപ്പ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ഉത്പന്നങ്ങൾ രാജ്യത്തെ മാർക്കറ്റുകളിൽ സുലഭമാണ് എന്ന് മറ്റൊരു സ്വദേശിയായ മുഹമ്മദ് അൽ കഹ്താനി അഭിപ്രായപ്പെട്ടു.

ഈ വാരാന്ത്യത്തിൽ സെൻട്രൽ മാർക്കറ്റിൽ മുൻസിപ്പൽ അധികൃതർ അംഗീകരിച്ച വിലവിവര പട്ടികയനുസരിച് ഒരു കിലോ തക്കാളിക്ക് ജോർദാൻ 5 റിയാൽ, ഖത്തർ 6 റിയാൽ, ഇന്ത്യ 3.50 എന്നിങ്ങനെയാ.ണ്. പ്രാദേശിക ഉൽപ്പന്നമായ കക്കിരി 7 റിയാലിന് വിൽക്കുമ്പോൾ ഇറാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കക്കിരി( ഖിയാർ) 5 റിയാലിനാണ് വിൽപന നടക്കുന്നത്. വഴുതനങ്ങ 2.50 , കോളി ഫ്‌ളവർ ഖത്തർ 4 . 50 ഇറാൻ 3 .50 , കാപ്സിക്കോ ഖത്തർ 5 റിയാൽ, ഇറാൻ 6 റിയാൽ , കാരറ്റ് ഓസ്‌ട്രേലിയ 5 .50 ചൈന 3.50 , ഇറാൻ 3 50 എന്നിങ്ങനെയാണ് നിശ്ചയിച്ച പരമാവധി വില.

ഉരുളക്കിഴങ്ങ് 3 റിയാൽ,ഇന്ത്യൻ ഉള്ളി കിലോക്ക് 4 റിയാൽ, ചെറിയ ചാക്കിന് 11 റിയാൽ, വലിയ ചാക്കിന് 30 റിയാൽ, പാക്സിതാൻ ഉള്ളി കിലോക്ക് 3.50 റിയാൽ, ചാക്കിന് 28 റിയാൽ എന്നിങ്ങനെയാണ് വിലനിലവാരം.ഇഞ്ചി ആറര റിയാലിന് ലഭിക്കുമ്പോൾ വെണ്ടക്കയും പച്ചമുളകും 10 റിയാലിന് ലഭ്യമാണ്. ക്യാബേജിന് രണ്ടര റിയാലാണ് നിലവിലെ വില.

ആപ്പിൾ ഫ്രാൻസ് 7 റിയാൽ,ഇറാൻ 5 .50 ഫിലിപൈൻ പഴം 5.50, ഓറഞ്ച് തുർക്കി 3 റിയാൽ, ലബനാൻ 3 റിയാൽ, മുന്തിരി തുർക്കി 6 റിയാൽ, ഇന്ത്യൻ 6 റിയാൽ,ലബനാൻ 10 റിയാൽ , ഉറുമാൻ പഴം ഇന്ത്യൻ 9 റിയാൽ, ലബനാൻ 6 റിയാൽ, തുർക്കി 7 റിയാൽ.

പഴം പച്ചക്കറി ഉത്പാദനത്തിനായി നിലവിൽ ഉപയോഗിക്കുന്ന കൃഷിഭൂമിയിൽ ആറ് ലക്ഷം ചതുരശ്ര മീറ്റർ ഭൂമി കൂടി ഉൾപ്പെടുത്തി രാജ്യത്ത് അടുത്ത വിളവ് സീസണിൽ പ്രദേശിക ഉത്പാദന രംഗത്ത് വൻ കുതിച്ചു ചാട്ടം ഉണ്ടാക്കാനായി ഹസാദ് ഫുഡ് ''ഇക്തഫ '' പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. അൽ റയ്യാൻ ടിവിയിലെ ടോക് ഷോയിൽ പങ്കെടുത് സംസാരിക്കവേ ഹസാദ് ഫുഡ് കമ്പനി ഡെപ്യൂട്ടി സി ഈ ഓ അലി ബിൻ ഹിലാൽ അൽ കുവാരിയാണ് ഇക്കാര്യം അറിയിച്ചത്.

ഉപയോഗിക്കാതെ കിടക്കുന്ന ആറ് ലക്ഷം ചതുരശ്ര മീറ്റർ കാർഷിക ഭൂമി ഇങ്ങനെ ഉപയോഗപ്പെടുത്താൻ ഭൂവുടമകളുമായി ധാരണയിൽ എത്തിയതായും അദ്ദേഹം പറഞ്ഞു. ഇതിനായുള്ള ടെണ്ടർ നടപടികൾ ഉൾപ്പെടെ ആരംഭിച്ചുകഴിഞ്ഞതായും അൽ കുവാരി പറഞ്ഞു. ഈ കൃഷിസ്ഥലങ്ങളിൽ ഉത്പാദിപ്പിക്കുന്ന വിളകളുടെ വിപണനം കർഷകർക്ക് വലിയൊരു ബാധ്യതയും ഭാരവുമായി മാറാതിരിക്കാൻ വിപണനം കൂടി ഹസാദ് ഫുഡ്‌സ് ഏറ്റെടുക്കും.


0 Comments

Sort by