നാവില്ലാത്ത ബ്രിട്ടീഷ് വനിത മനസ്സ് തുറന്നപ്പോള്‍

News portal

news

കെല്ലി റോജേഴ്‌സ്: ഇങ്ങനെ ജനിച്ചതില്‍ എനിക്ക് ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല.



നാവില്ലാതെ ജനിക്കുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?


പൂര്‍ണമായും നാവില്ലാതെയോ അല്ലെങ്കില്‍ ഭാഗികമായി മാത്രം ഉള്ള അവസ്ഥയിലോ ജനിക്കുന്നതിന് ഇംഗ്ലീഷില്‍ പറയുന്ന പേരാണ് അഗ്ലോസിയ (aglossia). ലോകത്തില്‍ ഇത്തരം 11 കേസുകള്‍ മാത്രമാണുള്ളതെന്നാണ് പറയപ്പെടുന്നത്.

നാവില്ലാതെ ജനിച്ച ബ്രിട്ടീഷുകാരിയായ കെല്ലി റോജേഴ്‌സ് എന്ന വനിത ഇയ്യിടെ അവരുടെ അനുഭവങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചു.

''എനിക്ക് നാവിന്റെ പിന്നറ്റമുണ്ട്. അതുപോലെ വായയില്‍ ഒരു മാംസപേശിയും. ഇവ മുകളിലേക്കും താഴേക്കും ചലിപ്പിക്കാന്‍ സാധിക്കും എന്നതൊഴിച്ചാല്‍ എന്റെ വായില്‍ മറ്റൊന്നുമില്ല,'' കെല്ലി പറയുന്നു. അഗ്ലോസിയ ബാധിച്ച എല്ലാവര്‍ക്കും സംസാരിക്കാന്‍ സാധിക്കില്ലെങ്കിലും കെല്ലിക്ക് സാധിക്കും. നാവിന്റെ കുറ്റി വായയുടെ മുകള്‍ ഭാഗത്തെത്തുകയില്ല. അതുകൊണ്ട് തന്നെ കവിളുകളും ചുണ്ടുകളും പല്ലുകളും വായയുടെ തറഭാഗവും വാക്കുകളുടെ ഉച്ചാരണത്തിനായി ഉപയോഗിക്കുന്നു.

അള്‍ട്രാസ്‌കാന്‍ വരുന്നതിനുമുമ്പ് 1969ലാണ് കെല്ലി ജനിച്ചത്. അമ്മയെ സംബന്ധിച്ചിടത്തോളം അതൊരു സാധാരണ ഗര്‍ഭധാരണമായിരുന്നു. ജനിച്ചയുടനെ കുഞ്ഞിന്റെ വായില്‍ നോക്കിയപ്പോള്‍ അമ്മക്ക് മനസ്സിലായി എന്തോ കുഴപ്പമുണ്ടെന്ന്.

''കുഞ്ഞിന്റെ നാവ് വളരെ ചെറുതാണ്. എല്ലാം ശരിയാകും,'' ഡോക്ടര്‍ പറഞ്ഞു. കെല്ലിക്ക് സംസാരിക്കാന്‍ സാധിക്കില്ലെന്നും അല്ലെങ്കില്‍ വളരെ പരിമിതമായി മാത്രമേ സംസാരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും പിന്നീട് ഡോക്ടര്‍മാര്‍ രക്ഷിതാക്കളെ അറിയിച്ചു. അത് ഹൃദയഭേദകമായിരുന്നു. ഡോക്ടറെക്കണ്ട് വീട്ടിലെത്തിയ അമ്മ മകളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് കരഞ്ഞു.

''നാവില്ലെന്ന യാഥാര്‍ത്ഥ്യം എന്നെ എപ്പോഴും അലട്ടി. മറ്റു കുട്ടികള്‍ നാവ് പുറത്തേക്കിടുമ്പോള്‍ ഞാന്‍ ആലോചിക്കും. എനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ലല്ലോ. ച്യൂയിംഗ് ഗം (chewing gum) കഴിക്കുമ്പോള്‍ എനിക്ക് കുമിള വീര്‍പ്പിക്കാന്‍ സാധിക്കില്ല. മുതിര്‍ന്നവര്‍ പേര് ചോദിക്കുമ്പോള്‍ പല പ്രാവശ്യം ആവര്‍ത്തിക്കേണ്ടി വന്നു. എന്തുകൊണ്ടാണ് അവര്‍ക്കെന്നെ മനസ്സിലാക്കാന്‍ സാധിക്കാത്തത് എന്ന് അത്ഭുതപ്പെടു. കെല്ലി എന്ന പേരിലെ 'കെ' എന്ന ഭാഗം ഉച്ചരിക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു," കെല്ലി പറയുന്നു.

മറ്റുള്ളവരെപ്പോലെ വായ നിറക്കാന്‍ നാവില്ലാത്തതുകൊണ്ട് കെല്ലിയുടെ താടിയെല്ല് വളരെ ചെറുതാണ്. മറ്റുള്ളവര്‍ അത് ശ്രദ്ധിക്കാറുണ്ടെങ്കിലും നാവില്ലെന്ന കാര്യം പലർക്കും അറിയില്ല. 18 വയസ്സായപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി താടിയെല്ലുകള്‍ ശരിയാക്കി. സര്‍ജറി നടത്തിയാല്‍ സംസാരശേഷി തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നു ഡോക്ടര്‍ പറഞ്ഞെങ്കിലും അവര്‍ കൂട്ടാക്കിയില്ല. ''എനിക്ക് മുഖഭംഗിയായിരുന്നു പ്രധാനം."

കെല്ലിക്ക് സാധാരണപോലെ എല്ലാ രുചികളും ആസ്വദിച്ച് ഭക്ഷണം കഴിക്കാന്‍ സാധിക്കും. ചുണ്ടുകളുപയോഗിച്ചാണ് ഐസ്‌ക്രീം കഴിക്കുന്നത്. താടിയെല്ലുകളുടെ പ്രത്യേകമായ ഘടന കാരണം ആപ്പിള്‍ കഴിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.

നാവില്ലാതെ എങ്ങിനെ ചുംബിക്കാന്‍ സാധിക്കും. ''ചുംബിക്കാന്‍ എനിക്ക് ഇഷ്ടമാണ്. എനിക്കതിന് നന്നായി സാധിക്കുമെന്നാണ് മറ്റുള്ളവര്‍ പറയുന്നത്.''

'' ഇങ്ങനെ ജനിച്ചതില്‍ എനിക്ക് ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല. നാവുണ്ടായിരുന്നെങ്കില്‍ ഞാന്‍ എങ്ങിനെ സംസാരിക്കുമായിരുന്നെന്നും മുഖത്തിന്റെ രൂപം എന്തായിരിക്കുമെന്നും ഞാന്‍ ചിലപ്പോള്‍ ആലോചിക്കാറുണ്ട്. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ എന്റെ ഈ അവസ്ഥയുമായി ഞാന്‍ പൊരുത്തപ്പെട്ടു. പക്ഷെ, എളുപ്പമായിരുന്നില്ല. എന്നെപ്പോലെ ജനിച്ച മറ്റുള്ളവര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പ്രതീക്ഷ നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, '' കെല്ലി പറഞ്ഞു..


0 Comments

Sort by