ഉപരോധം ഖത്തറിനു രാഷ്ട്രീയ, സാമ്പത്തിക നേട്ടം ഉണ്ടാക്കി : തുർക്കി ന്യൂസ് ഏജൻസി

News portal

news



പ്രാദേശിക ഉല്പാദന മേഖലകളെ പരിപോഷിപ്പിച്ചും സുഹൃത്തു രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വഴിയും വിഭവ മേഖലകളിലെ ദൗർലബ്യം മറികടക്കാൻ ഖത്തറിനു കഴിഞ്ഞു


ഖത്തറിനു മേൽ അയൽ രാജ്യങ്ങൾ അടിച്ചേൽപ്പിച്ച ഉപരോധം രാജ്യത്തിന് രാഷ്ട്രീയമായും സാമ്പത്തികമായും നേട്ടങ്ങളാണ് ഉണ്ടാക്കി കൊടുത്തത് എന്ന് തുർക്കി വാർത്ത ഏജൻസിയായ അനാദൂലിനെ ഉദ്ധരിച്ചു പ്രാദേശിക അറബി പത്രം റിപ്പോർട് ചെയ്തു.

ഉപരോധം വഴി ഉണ്ടായ പ്രതിസന്ധികൾ മറികടക്കാൻ ദേശീയവും അന്തർ ദേശീയവുമായ ബദൽ വഴികൾ കണ്ടെത്തുന്നതിൽ രാജ്യം വിജയിച്ചു. രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ വെല്ലുവിളികളാണ് ഉപരോധ രാജ്യങ്ങൾ ഖത്തറിനെതിരെ ഉയർത്തിയത്. പ്രാദേശിക ഉല്പാദന മേഖലകളെ പരിപോഷിപ്പിച്ചും സുഹൃത്തു രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വഴിയും വിഭവ മേഖലകളിലെ ദൗർലബ്യം മറികടക്കാൻ ഖത്തറിനു കഴിഞ്ഞു. ഖത്തർ ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണികൾ കണ്ടെത്താനും സൈനിക മേഖലയിൽ പുതിയ സഖ്യങ്ങൾ ഉണ്ടാക്കി രാജ്യം കൂടുതൽ സുരക്ഷിതമാക്കാനും ഈ അവസരം പ്രയോജനപ്പെട്ടു.

2017 ലെ സാമ്പത്തിക വളർച്ചയെ ഒരു നിലക്കും ബാധിക്കാത്ത രീതിയിൽ ഉപരോധത്തെ മറികടക്കാൻ ഖത്തറിനായതായി റിപ്പോർട്ടിൽ വിലയിരുത്തുന്നു. 2018 വർഷത്തിൽ ഖത്തർ വാർഷിക സാമ്പത്തിക വളർച്ച നിരക്ക് 4.5 % വർധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി(ഐ എം എഫ് ) റിപ്പോർട്ടും ഈ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

അന്താ രാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിൽ വില ഉയരുകയാണെങ്കിൽ ഈ നിരക്ക് 6 % ലേക്കുയരുമെന്നും ഇവർ ചൂണ്ടികാട്ടുന്നു. ഭക്ഷ്യ മേഖലയിൽ സ്വയംപര്യാപ്തിയിൽ എത്താനും മറ്റു പ്രാദേശിക ബദൽ മാർഗങ്ങൾ ഫലപ്രദമായി ചൂഷണം ചെയ്യാനും ഉപരോധം അവസരം ഉണ്ടാക്കി.ഇത്തരം പ്രതിസന്ധികൾ മറികടക്കാൻ അത്യധ്വാനം ചെയ്തുകൊണ്ടിരിക്കെ തന്നെ 2022 ലെ ലോക കപ്പിനുവേണ്ടിയുള്ള ഒരുക്കങ്ങൾ നിർബാധം തുടരുകയും ചെയ്യുന്നു എന്നതും മറ്റൊരു സവിശേഷതയാണ്.

രാജ്യത്ത് വിദേശികൾക്ക് നിക്ഷേപം ഇറക്കാനുള്ള സൗകര്യങ്ങൾ കൂടുതൽ ലളിതമാക്കുക, 80 രാജ്യങ്ങളിലെ ആളുകൾക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നല്കുക, വിദേശികൾക്ക് ഭൂമിയും സ്വത്തും സ്വന്തമാക്കൻ അനുമതി നൽകുന്ന പുതിയ നിയമങ്ങൾ ഉണ്ടാക്കുക തുടങ്ങിയ ജനപ്രിയ പരിഷ്‌കാരങ്ങളും ഇക്കാലത്തു തന്നെ ഖത്തർ നടപ്പിലാക്കുകയുണ്ടായി.

മദർഷിപ്പുകൾ വരെ അടുപ്പിക്കാൻ പറ്റിയ രീതിയികൾ ഹമദ് അന്താരാഷ്ട്ര തുറമുഖം തുറന്നതും, ഖത്തർ എയർ വെയ്‌സ് മുന്തിയ ഇനം എയർ ബസ് വിമാനങ്ങൾ വാങ്ങികൂട്ടിയതും രാജ്യം ഉപരോധത്തിന് കീഴിൽ ആയിരിക്കുമ്പോൾ തന്നെയായിരുന്നു.

ഇറ്റാലിയൻ കമ്പനിയായ മറിഡീനയുടെ 49 % ഓഹരിയും, ചൈനീസ് കമ്പനിയായ കാതെ പെസഫിക് കമ്പനിയുടെ 10 % ഓഹരികളും വാങ്ങിയതും ഇതേ കാലയളവിൽ തന്നെ എന്നതും രാജ്യം സാമ്പത്തികമായി കൂടുതൽ ശക്തിപ്പെട്ടതിനുള്ള അടയാളങ്ങളായി ചൂണ്ടികാട്ടപ്പെടുന്നു.ഇതേ കാലയളവിൽ ഖത്തർ അമീർ നടത്തിയ വിദേശ പര്യടനങ്ങൾ രാഷ്ട്രീയമായും രാജ്യത്തിന് ഏറെ മുതൽ കൂട്ടായി മാറുകയായിരുന്നു.ഭീകരതയെ നേരിടുന്നതിൽ അമേരിയ്ക്കയുമായി ഖത്തർ ഉപരോധ കാലത്തു തന്നെ കരാറിൽ ഒപ്പുവെച്ചതാകട്ടെ തീവ്രവാദത്തെ സഹായിക്കുന്നു എന്ന പേരിൽ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങൾക്ക് വായാടപ്പൻ മറുപടിയായി മാറുകയും ചെയ്തു.


0 Comments

Sort by