ബഹ്‌റൈൻ പെട്രോൾ വില വർധിപ്പിച്ചു; സമ്മിശ്ര പ്രതികരണം

News portal

news



ഗുണം കൂടിയ മുംതാസ് പെട്രോളിന് ലിറ്ററിന് 160 ഫിൽസിൽ നിന്ന് 200 ഫിൽസായും ജയിദിന് 125 ഫിൽസിൽ നിന്ന് 140 ഫിൽ സായും ആണ് വില ഉയർത്തിയത്.


ബഹ്‌റൈൻ വാഹന ഇന്ധന വില വർധിപ്പിച്ചു. തികളാഴ്ച ഉച്ചമുതലാണ് വർദ്ധനവ് പ്രാബല്യത്തിൽ വന്നത്. സർക്കാർ പ്രഖ്യാപനം ജനങ്ങളും ജനപ്രതിനിധികളും സമ്മിശ്ര വികാരത്തോടെയാണ് ശ്രവിച്ചത് .

ഗുണം കൂടിയ മുംതാസ് പെട്രോളിന് ലിറ്ററിന് 160 ഫിൽസിൽ നിന്ന് 200 ഫിൽസായും ജയിദിന് 125 ഫിൽസിൽ നിന്ന് 140 ഫിൽ സായും ആണ് വില ഉയർത്തിയത്.

രണ്ടു വർഷത്തിനിടയിൽ രണ്ടാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. 2016 ജനുവരി 11 നു മുംതാസ് ഇനം പെട്രോളിനു 60 ഫിൽസും ജയ്യിദിന് 50 ഫിൽസുമാണ് കൂട്ടിയത് - ഡി. ടി ന്യൂസ്‌ പോർട്ടൽ റിപ്പോർട്ട്‌ ചെയ്യുന്നു. ജനജീവിതത്തെ ഇത് സാരമായി ബാധിക്കുമെന്ന് ഒരു വിഭാഗം എം. പി മാർ കുറ്റപ്പെടുത്തുമ്പോൾ ഇത് രാജ്യത്തിന്റെ സമ്പത്ഘടനയെ ശക്തിപ്പെടുത്തുമെന്നാണ് മറ്റു ചിലർ അവകാശപ്പെടുന്നത്.

വില വർധന ശരിക്കും ഒരു ആഘാതമാണ്, അയൽ രാജ്യങ്ങളൊക്ക ഇന്ധന വില വർധിപ്പിച്ചു എന്നത് ശരിയാണെങ്കിലും ഇത്തരത്തിലൊരു നടപടി അസ്വീകാര്യമാണ്. പാർലമെന്റ് സമ്മേളിക്കുകയാണ്. മറ്റു പല മുൻ നിശ്ചിത അജണ്ടകളാണ് ഉള്ളത്. സമയം കിട്ടുകയാണെങ്കിൽ എണ്ണ വില വർധന ചർച്ച ചെയ്യും. ജനങ്ങളുടെ ഭാരം ലഘൂകരിക്കാനുള്ള മാർഗങ്ങൾ ആരായും.

പാർലിമെന്റേറിയനായ മുഹമ്മദ്‌ അൽ അമ്മദി ഡി. ടി ന്യൂസിനോട് പറഞ്ഞു. എന്നാൽ വിലവർധന സമ്പദ് ഘടനയെ ശക്തിപ്പെടുത്തുമെന്നും എണ്ണയുടെ വകതിരിവില്ലാത്ത ഉപയോഗം നിയന്ത്രിക്കാൻ ഇത് സഹായിക്കുമെന്നുമാണ് അഹമ്മദ് കരാത്ത എന്ന യുവ എം. പി അഭിപ്രായപ്പെട്ടത്.

വില വർധിപ്പിച്ചിട്ടും ലോകത്ത് ഏറ്റവും വില കുറച്ചു പെട്രോൾ വിൽക്കുന്ന 10 രാജ്യങ്ങളിൽ ഒന്നാണ് ബഹ്‌റൈൻ.


0 Comments

Sort by